'ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ല'; യുദ്ധക്കുപ്പായത്തിൽ ഗാസ സന്ദർശിച്ച് ബെഞ്ചമിൻ നെതന്യാഹു
യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ചാണ് നെതന്യാഹു ഗാസയിലെത്തിയത്.
ടെൽ അവീവ്: ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സായുധ സേന ഹമാസിൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തൻ്റെ പ്രതിജ്ഞ ആവർത്തിക്കുകയും ചെയ്തു.
യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെത്തിയ നെതന്യാഹു ഹമാസ് മടങ്ങിവരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഗാസയിൽ കാണാതായ 101 ഇസ്രായേലി ബന്ദികൾക്കായുള്ള തിരച്ചിൽ തുടരുമെന്നും ബന്ദികളാക്കപ്പെട്ട ഓരോ വ്യക്തിക്കും 5 മില്യൺ ഡോളർ പ്രതിഫലം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേലികളായ ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരുടെ തലയിൽ രക്തം പുരളുമെന്നും അവരെ വേട്ടയാടി പിടിക്കുമെന്നും ഹമാസിന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേൽ സൈന്യത്തിൻ്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനായാണ് ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ചത്.
കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200-ലേറെ പേർ കൊല്ലപ്പെടുകയും 250-ലധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണം ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഏകദേശം 44,000 പേർ കൊല്ലപ്പെടുകയും 103,898 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുദ്ധത്തിൻ്റെ തുടക്കം മുതൽ നിരവധി ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ഇസ്രായേൽ ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇസ്രായേലും പാശ്ചാത്യ സഖ്യകക്ഷികളും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചപ്പോൾ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയും ഇറാനും ഹമാസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.