ധനവകുപ്പിന്‍റെ പല്ല് കൊഴിക്കും,സ്വതന്ത്രാധികാരം ഇല്ലാതാക്കും,സെന്തിൽകുമാര്‍ കമ്മിറ്റി നിര്‍ദ്ദേശം പരിഗണനയില്‍
പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകൾക്ക് തീരുമാനം എടുക്കാമെന്നതടക്കമുള്ള വ്യവസ്ഥകൾ സംസ്ഥാനത്തെ ധനസ്ഥിതി താളം തെറ്റിക്കുമെന്ന വിലയിരുത്തലുമുണ്ട്
തിരുവനന്തപുരം:സര്‍ക്കാര്‍ ഖജനാവിൽ നിന്ന് പണമുടക്കുന്ന പദ്ധതികളെ കുറിച്ച് അഭിപ്രായം പറയാൻ ഉള്ള അധികാരം പോലും ധനവകുപ്പിന് ഇല്ലാതാകുന്ന വിധത്തിൽ ഭരണപരഷ്കാരത്തിന് സര്‍ക്കാര്‍ നീക്കം. ഫയലുകളിൽ അടിയന്തര തീര്‍പ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയോഗിച്ച വി സെന്തിൽ കുമാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് സര്‍ക്കാരിന്‍റെ പരിഗണനയിൽ ഉള്ളത്. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകൾക്ക് തീരുമാനം എടുക്കാമെന്നത് അടക്കമുള്ള വ്യവസ്ഥകൾ സംസ്ഥാനത്തെ ധനസ്ഥിതി താളം തെറ്റിക്കുമെന്ന വിലയിരുത്തലുമുണ്ട്
റോഡ് ക്യാമറ വിവാദത്തിന്‍റെ തുടക്കത്തിലേ ധനവകുപ്പ് ഉയര്‍ത്തിയ എതിര്‍പ്പുകളും ധനവകുപ്പ് നിര്‍ദ്ദേശങ്ങളെ കെൽട്രോൺ മറികടന്നതുമെല്ലാം വാര്‍ത്തായിരുന്നു. പ്രൊജക്ട് മാനേജ്മെന്‍റെ കൺസൾട്ടന്‍റായും കരാറുകാരായും ഒരേ സമയം കെൽട്രോണിന് പ്രവര്‍ത്തിക്കാനാകില്ലെന്ന ധനവകുപ്പ് നിര്‍ദ്ദേശം ലംഘിച്ച് നടന്ന ഇടപാടിന് പിന്നീട് മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു. സര്‍ക്കാര്‍ പണം ചെലവഴിച്ച് നടത്തുന്ന പദ്ധതികളിൽ അഭിപ്രായം പറയാനുള്ള ഇത്തരം അധികാരങ്ങളാണ് ധനവകുപ്പിന് ഇല്ലാതാകുന്നത്. സ്വതന്ത്ര അധികാരം കവരുന്ന നിര്‍ദ്ദേശങ്ങൾക്ക് അംഗീകാരം കിട്ടിയാൽ പിന്നെ ധനവകുപ്പിന് സര്‍ക്കാര് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ പോലും ഇടപെടാനാകില്ല. ശമ്പള വിതരണത്തിനുള്ള സ്പാര്‍ക്ക് സോഫ്ട്വെയര്‍ പൊതുഭരണ വകുപ്പിലേക്ക് മാറും. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകളിലെ ഫിനാൻസ് ഓഫീസര്‍ കുറിപ്പെഴുതും.
സംസ്ഥാന ധനസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഫയൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. അതിവേഗം നീങ്ങുന്ന ഫയലിൽ തീരുമാനവും അധികം വൈകില്ലെന്നാണ് കരുതുന്നത്. സെക്രട്ടേയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കണമെന്ന ഭരണ പരിഷ്കാര കമ്ീൽൻ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാൻ സര്‍ക്കാര്‍ വിരമിച്ച എഐഎസ് ഓഫീസര്‍ വി സെന്തിൽ കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ചത്. ധനവകുപ്പിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ പൊതുഭരണ വകുപ്പ് ഉദ്യേഗസ്ഥരിൽ ചിലരുടെ ചരടുവലിയുണ്ടെന്നും ആക്ഷേപമുണ്ട്