Asianet News MalayalamAsianet News Malayalam

അർജുനെ തെരയാന്‍ 40 അംഗ സൈന്യം, മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്ത്; രക്ഷാദൗത്യം ഊർജിതമാകും, മഴ വെല്ലുവിളി

ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയിരിക്കുന്നത്

army reach for arjun mission  shiroor karnataka
Author
First Published Jul 21, 2024, 2:31 PM IST | Last Updated Jul 21, 2024, 3:32 PM IST

ബെം​​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. 

കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.   

രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുന്‍റെ നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

ഇന്നലെ രാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാർ  ഇന്ന് കണ്ണാടിക്കലിൽ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതൽ അർജുനുമായി ഏറെ ബന്ധമുള്ള അയൽക്കാർക്കും മണിക്കൂറുകൾ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്. 

രക്ഷാപ്രവർത്തനത്തിന് കരസേനയെ നിയോഗിക്കണമെന്നും സന്നദ്ധരായ നാട്ടുകാരെ ഉൾപ്പെടെ അവിടേക്ക് പോകാൻ അനുവദിക്കണമെന്നുമായിരുന്നു കുടുംബത്തിൻറെ ആവശ്യം. കരസേന എത്തുന്ന കാര്യം വൈകിട്ടോടെ സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ മാതാവ് ഒടുവിൽ പ്രതികരിച്ചത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ മകനെ ചേർത്തുപിടിച്ച് അർജുന്‍റെ ഫോൺ നമ്പറുകളിലേക്ക് മാറിമാറി വിളിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ.

Latest Videos
Follow Us:
Download App:
  • android
  • ios