ഷിരൂർ തെരച്ചിലിൽ അടിമുടി ആശയക്കുഴപ്പം; തെരച്ചിൽ നിർത്തി ഈശ്വർ മൽപെ നാട്ടിലേക്ക് മടങ്ങി, നാളെ നാവികസേന എത്തും
മാൽപെ മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം ആണെന്നും ബോധപൂർവം ഒഴിവാക്കിയതാണെന്നും ലോറി ഉടമ മനാഫ് ആരോപിച്ചു
ബെംഗളൂരു: ഷിരൂർ തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിൽ അടിമുടി ആശയക്കുഴപ്പം. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അതേ സമയം, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാവിക സേന നാളെ മുതൽ ഉള്ള തെരച്ചിലിൽ നാവികസേന ഉൾപ്പടെ ഭാഗമാകും എന്നും ജില്ലാ കലക്ടറും സ്ഥലം എംഎൽഎയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്‍റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് ഇത് ഒരു തർക്കമായി. പിന്നീട് ഈശ്വർ മാൽപെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. അവിടെ നിന്ന് ഒരു ആക്ടീവ സ്‌കൂട്ടറും അർജുന്‍റെ ലോറിയിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും കണ്ടെടുത്തു. ഈ വിവരങ്ങൾ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടതും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്നും പറഞ്ഞത്. ഇതോടെയാണ് മൽപെ പിണങ്ങി ഇറങ്ങിപ്പോയത്.
തന്നോട് ഹീറോ ആകരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും താനിവിടെ തെരച്ചിലിനാണ് വന്നതെന്നും ഇങ്ങനെ പഴികേട്ട് തെരച്ചില്‍ നടത്തുന്നില്ലെന്നും അര്‍ജുന്‍റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
മാൽപെ മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം ആണെന്നും ബോധപൂർവം ഒഴിവാക്കിയതാണെന്നും ലോറി ഉടമ മനാഫ് ആരോപിച്ചു. ഏകോപനത്തിൽ ആശയക്കുഴപ്പം ഒന്നുമില്ലെന്നും തെരച്ചിൽ എത്ര ദിവസം വേണമെങ്കിലും നീട്ടുന്ന കാര്യം ആലോചിച്ച്എ തീരുമാനിക്കാം എന്നും കാർവാർ എംഎൽഎ സതീഷ്നാ കൃഷ്ണ സെയിൽ പറഞ്ഞു. നാളത്തെ തെരച്ചിലിൽ നാവികസേന ഉണ്ടാകും എന്നും വേണമെങ്കിൽ 8 ദിവസം കൂടി തെരച്ചിൽ നീട്ടാനാകുമെന്നും എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നാളെ മുതല്‍ നാവിക സേന എത്തുമെന്നും ജില്ലാ പൊലീസ് മേധാവി കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും മല്‍പെയുടെ ജീവൻ അപകടത്തിലാക്കരുതെന്നും അതിനാലാണ് മുൻകരുതലെന്നും തെരച്ചിലിന് ഇറങ്ങരുതെന്ന് പറഞ്ഞിട്ടില്ലെന്നും ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. ജില്ലാ കളക്ടർ അധ്യക്ഷ ആയ ദുരന്തനിവാരണ സമിതിയുടെ യോഗത്തിന് ശേഷമാകും ഇനി തെരച്ചിൽ എത്ര ദിവസം എങ്ങനെ മുന്നോട്ട് പോകണം എന്ന് അന്തിമതീരുമാനമെടുക്കുക.