അരിക്കൊമ്പൻ ദേശീയപാത മുറിച്ചുകടന്നു, കുമളി മേഖലയിൽ കറക്കം; ചിന്നക്കനാലിൽ മടങ്ങിയെത്തുമോ? ആശങ്കയേറുന്നു
ഇവിടെ നിന്നും സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താനും വഴിയുണ്ട്. കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി
കുമളി: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നു. കുമളി ടൗൺ മേഖലയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. നേരത്തെ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത അരിക്കൊമ്പൻ മുറിച്ചു കടന്നിരുന്നു. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് കൊമ്പൻ ഇപ്പോഴുള്ളത്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്.
കുമളി മേഖലയിൽ നിന്നും അധിക ദുരത്തല്ലാതെ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോൾ ചുറ്റിക്കറങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ദിവസവും 10 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന അരിക്കൊമ്പൻ കുമളി ടൗണിലേക്ക് കയറിയാൽ വീണ്ടും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇവിടെ നിന്നും സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താനും വഴിയുണ്ട്. കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനത്തെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലവിൽ അരിക്കൊമ്പനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വെരി ഹൈ ഫ്രീക്വൻസി ആന്‍റിന ഉപയോഗിച്ചാണ് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കുന്നത്.
അരിക്കൊമ്പൻ ഇന്നലെ പാതിരാത്രി കുമളിക്കടുത്തുള്ള ജാനവാസ മേഖലയിലെത്തിയിരുന്നു. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്കടുത്താണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. അരിക്കൊമ്പന്‍റെ ഭീഷണിയടക്കം നിലനിൽക്കുന്നതിനാൽ തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കിയിട്ടുണ്ട്. അവസാന ലഭിച്ച സിഗ്നൽ ആനുസരിച്ച് മേദകാനത്തു നിന്നും തേക്കടി ഭാഗത്തെ വനത്തിലേക്കാണ് സഞ്ചരിക്കുന്നത്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജി പി എസ് സിഗ്നലുകൾ പരിശോധിച്ചാണ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരീക്ഷിക്കുന്നത്.