Asianet News MalayalamAsianet News Malayalam

അജിത്കുമാറിനോട് ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി, മുഖ്യമന്ത്രി എന്ത് പറയും? നി‌ർണായക എല്‍ഡിഎഫ് യോഗം ഇന്ന്

അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. 

Allegations against ADGP Ajith Kumar Crucial LDF meeting today
Author
First Published Sep 11, 2024, 2:05 AM IST | Last Updated Sep 11, 2024, 2:05 AM IST

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. 

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി പി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്. 

അതേസമയം, പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും  ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണർ ആണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥർക്കും മാറ്റം നൽകിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.

അതിനിടെ, മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.

മലപ്പുറത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എംവി മണികണ്ഠനെ സസ്പെന്‍റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നൽകാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.

Latest Videos
Follow Us:
Download App:
  • android
  • ios