'നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

എഡിഎം കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്.

ADM Naveen Babu death Land Revenue Joint Commissioner Report Says No evidence of Naveen Babu taking bribe

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് റിപ്പോര്‍ട്ട്  കൈമാറിയത്. എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല. അതേസമയം, തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള മൊഴിയിൽ ആവശ്യെമെങ്കിൽ കൂടുതൽ അന്വേഷണം നടക്കട്ടെ എന്നാണ് കളക്ടറുടെ നിലപാട്.

എഡിഎം കൈക്കൂലി വാങ്ങിയതിനും പമ്പിനു അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ല എന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ചേമ്പറിൽ എത്തി തെറ്റ് പറ്റി എന്ന് നവീൻ ബാബു പറഞ്ഞു എന്ന കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിൽ ഉപ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ നൽകിയ വിശദീകരണ കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. എന്താണ് എഡിഎം ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തത ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടുമില്ല കളക്ടര്‍ നൽകിയിട്ടുമില്ലെന്നാണ് വിവരം. നവീൻ ബാബുവിന്‍റെ കുടുംബം ഉന്നയിച്ച ആരോപണം ഉൾപ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കിൽ പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടര്‍ പറയുന്നത്.

എഡിഎമ്മിന്റെ മരണത്തിന് ശേഷം കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വിവാദ പരാമര്‍ശം ഒന്നുമുണ്ടായിരുന്നില്ല. കലക്ടറുടെ പുതിയ മൊഴിയിൽ എഡിഎമ്മിന്റെ കുടുംബത്തിന് എതിർപ്പുണ്ട്. റവന്യു മന്ത്രിക്കും അതൃപ്തി ഉണ്ടെന്നാണ് വിവരം. ഏതായാലും ഇക്കാര്യത്തിൽ ഇനി എന്ത് തുടര്‍ നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് അറിയേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂര്‍ കളക്ടറെ മാറ്റണമെന്ന ആവശ്യം റവന്യു മന്ത്രിക്കും വകുപ്പിനും ഉണ്ടെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios