ഭാര്യക്ക് സ്തനാർബുദം, പാൻകേക്ക് വില്പനയ്ക്കിറങ്ങി ഭർത്താവ്, വിദ്യാർത്ഥികൾ ചെയ്തത് കണ്ടോ? കയ്യടിച്ച് ജനങ്ങൾ
കാൻസർ രോഗബാധിതയായ ഭാര്യക്കൊപ്പം തെരുവിൽ പാൻ കേക്ക് വില്പന നടത്തുന്ന ഒരു മനുഷ്യൻറെ ജീവിതം മാറ്റിമറിക്കാൻ ഒരുകൂട്ടം വിദ്യാർത്ഥികൾ തയ്യാറായ സംഭവമായിരുന്നു ഇത്.
സാമൂഹികമാധ്യമങ്ങളുടെ ദൂഷ്യവശങ്ങൾ ആശങ്കപ്പെടുത്തുന്നതാണെങ്കിലും സമൂഹത്തിന്റെ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിക്കാനും പലപ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി തുറക്കാറുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളിലൂടെ ജീവിതം തിരികെ പിടിക്കാൻ സാധിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പ്രതീക്ഷ നൽകുന്ന നിരവധി സംഭവങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞദിവസം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കാൻസർ രോഗബാധിതയായ ഭാര്യക്കൊപ്പം തെരുവിൽ പാൻ കേക്ക് വില്പന നടത്തുന്ന ഒരു മനുഷ്യൻറെ ജീവിതം മാറ്റിമറിക്കാൻ ഒരുകൂട്ടം വിദ്യാർത്ഥികൾ തയ്യാറായ സംഭവമായിരുന്നു ഇത്. തെരുവ് കച്ചവടക്കാരനെ സഹായിക്കാൻ അയാളുടെ കടയിലേക്ക് സാധനം വാങ്ങിക്കുന്നതിനായി വിദ്യാർത്ഥികൾ കൂട്ടമായി എത്തുകയായിരുന്നു. അതോടെ കടയ്ക്കു മുൻപിൽ ഒരു വലിയ ക്യൂ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ഒരു നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയത്. ഫുജൗവിലെ ഫുജിയാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് സമീപം പാൻ കേക്ക് വില്പന നടത്തുന്ന 54 -കാരനായ ഹു വെയ്ഗുവാങ്ങിനെ സഹായിക്കാനാണ് വിദ്യാർത്ഥികൾ ഒരുമിച്ചിറങ്ങിയത്.
'അങ്കിൾ ഫ്ലാറ്റ്ബ്രെഡ്' എന്ന് വിദ്യാർത്ഥികൾ ഓമനപ്പേരിട്ട് വിളിക്കുന്ന ഇദ്ദേഹത്തിൻറെ ഭാര്യക്ക് സ്തനാർബുദം ആണ്. അദ്ദേഹത്തിൻറെ ദുരവസ്ഥ വിദ്യാർത്ഥികൾ മനസ്സിലാക്കിയതോടെയാണ് ഓരോ ദിവസവും വിദ്യാർത്ഥികൾ കൂട്ടത്തോടെ കടയിലേക്ക് എത്തിത്തുടങ്ങിയത്.
ഓഗസ്റ്റിൽ സ്തനാർബുദം കണ്ടെത്തിയ ഹുവിൻ്റെ ഭാര്യ ഹു ഗിയുവാൻ്റെ ചികിത്സയിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാവോ യിംഗ് എന്ന വിദ്യാർത്ഥി സോഷ്യൽ മീഡിയയിലിട്ട ഒരു പോസ്റ്റാണ് വിദ്യാർത്ഥികൾ ഒന്നടങ്കം ഏറ്റെടുത്തത്.
ഭാര്യയുടെ ചികിത്സയ്ക്കായി ഒരു മാസം 10,000 യുവാൻ (1,400 യുഎസ് ഡോളർ) ഹുവിന് ആവശ്യമാണ്. ഗാവോയുടെ ഒക്ടോബർ 18 -ലെ ഓൺലൈൻ വീഡിയോ 30 ദശലക്ഷത്തിലധികം ആളുകൾ കാണുകയും 2.1 ദശലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫുജിയാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിലെയും സമീപത്തെ മറ്റ് യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർത്ഥികൾ ഇപ്പോൾ ഫ്ലാറ്റ് ബ്രെഡ് വാങ്ങാൻ ഈ കടയ്ക്ക് മുൻപിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുകയാണ്.