അബ്ദുൾ നാസർ മദനി തീവ്രവാദ ചിന്ത വളർത്തിയെന്ന് പി.ജയരാജന്റെ പുസ്തകം; മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും 

മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. 

Abdul Nazer Mahdani inculcated extremist thought among the Muslims of Kerala says P Jayarajan in his latest book

കണ്ണൂർ: അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

അതേസമയം, 2009ലെ മദനി - സിപിഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു. മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. 

കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. അതേസമയം, ആർഎസ്എസിനെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിടാനാകില്ലെന്നും സ്വത്വാധിഷ്ഠിത കൂട്ടായ്മകൾ ആപത്കരമായ പ്രവണതയാണെന്നും ജയരാജന്റെ പുസ്തകത്തിൽ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios