അതിസാഹസിക ശ്രമം, രക്ഷകനായി കെഎസ്ഇബി ലൈൻമാൻ; കുത്തിയൊലിക്കുന്ന തോട്ടിലിറങ്ങി പൊട്ടിവീണ വൈദ്യുത കമ്പി മാറ്റി
വൈദ്യുതി കമ്പി തോട്ടില്‍ നിന്നും വലിച്ചിട്ടും വരാത്തതിനെ തുടര്‍ന്ന് സജീഷ് വെള്ളത്തിലിറങ്ങുകയായിരുന്നു. അതിസാഹസികമായി വൈദ്യുതി കമ്പി പുറത്തേക്ക് എടുത്തശേഷം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുത ലൈൻ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു
മലപ്പുറം:കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി കെഎസ്ഇബി ജീവനക്കാരന്‍റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം. തോട്ടില്‍ വീണ വൈദ്യുത കമ്പി കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി നീക്കം ചെയ്താണ് ലൈൻമാൻ അപകമൊഴിവാക്കിയത്. മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള വൈദ്യുത ലൈനാണ് പൊട്ടി വീണത്.
ഈ വൈദ്യുത ലൈൻ ശരിയാക്കുന്നതിനായി പൊട്ടി വീണ വൈദ്യുത കമ്പി പുറത്തേക്ക് എടുക്കുന്നതിനായാണ് കെഎസ്ഇബി വാണിയമ്പലം സെക്ഷൻിലെ ലൈൻമാൻ സജീഷ് സ്വമേധയാ കുത്തിയൊലിക്കുന്ന തോട്ടിലേക്ക് ഇറങ്ങിയത്. തോടിന്‍റെ മധ്യഭാഗത്തായി പാറക്കെട്ടില്‍ കുടുങ്ങി കിടന്നിരുന്ന വൈദ്യുത കമ്പി വലിച്ചെടുത്ത കരയിലുള്ളവര്‍ക്ക് കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ഇബി ജീവനക്കാര്‍ തന്നെയാണ് ദൃശ്യങ്ങളും പകര്‍ത്തിയത്.
രണ്ടു ദിവസമായി വൈദ്യുത ലൈൻ പൊട്ടിയതിനെ തുടര്‍ന്ന് 70വയസുകാരിയായ വയോധികയുടെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഇത് പരിഹരിക്കുന്നതിനായാണ് ജീവനക്കാര്‍ ഇവിടെ എത്തിയത്. എന്നാല്‍, വൈദ്യുതി കമ്പി തോട്ടില്‍ നിന്നും വലിച്ചിട്ടും വരാത്തതിനെ തുടര്‍ന്ന് സജീഷ് വെള്ളത്തിലിറങ്ങുകയായിരുന്നു. അതിസാഹസികമായി വൈദ്യുതി കമ്പി പുറത്തേക്ക് എടുത്തശേഷം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുത ലൈൻ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.
കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കുനേരെ അതിക്രമം ഉണ്ടാകുന്നതിന്‍റെ വാര്‍ത്തകള്‍ക്കിടെയാണ് വെല്ലുവിളികള്‍ ഏറെ നിറഞ്ഞ ജോലിയുടെ വീഡിയോ പുറത്തുവന്നത്. സജിഷിന്‍റെ പ്രവൃത്തിക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
വേഗം വിട്ടോ, വേഗം വിട്ടോ! സ്കൂള്‍ കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്‍റെ അതിസാഹസിക യാത്ര