ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു
കൊച്ചി : എറണാകുളം പുത്തൻവേലിക്കരയി ൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്.
മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങിയിരുന്നില്ല. ഇവരുടെ കരച്ചിൽ കേട്ടെത്തിയ സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളാണ് കുട്ടികളെ പുറത്തെടുത്തത്. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.