തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം: മുലയംപറമ്പ് ഭഗവതി ക്ഷേത്രം എഴുന്നള്ളിപ്പിന് ഏക്കം 13 ലക്ഷം രൂപ
ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷം രൂപ ഏക്കത്തുക
തൃശ്ശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ്. തൃശ്ശൂർ പൂരത്തിനടക്കം ആനയെ എഴുന്നള്ളിക്കുന്നത് നിയമപോരാട്ടത്തിലേക്ക് വരെ എത്തിയതാണ് ചരിത്രം. എങ്കിലും വൻ ആരാധക വൃന്ദമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിനെത്തുന്നത് ആനപ്രേമികൾക്ക് ആവേശമാണ്.
ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 13 ലക്ഷം രൂപ ഏക്കത്തുക നിശ്ചയിച്ചത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ, രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം നൽകണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്, 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നുള്ളിപ്പിന് ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം വേണം, ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 10 മീറ്റർ അകലത്തിൽ നിർത്തണം, ആനകളുടെ തലപ്പൊക്ക മത്സരം-വണങ്ങൽ-പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ച് അടുത്ത ചൊവ്വാഴ്ച്ച അന്തിമ മാർഗരേഖ പുറപ്പെടുവിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.