മാനസിക അസ്വസ്ഥതകളോടെ തൃശ്ശൂരിലെ തെരുവിൽ അലഞ്ഞത് പ്രശസ്ത ട്രാവൽ വ്ളോഗർ; പൊലീസുകാർക്ക് തോന്നിയ സംശയം രക്ഷയായി

ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞ ശേഷം പൊലീസുകാരന്റെ കൈപിടിച്ച് കരയാൻ തുടങ്ങിയപ്പോഴാണ് എവിടെയോ കണ്ട പരിചയം പൊലീസുകാരന് തോന്നിയത്.

renowned travel vlogger wandering at streets in Thrissur city and policemen identified him to reunite family

തൃശ്ശൂർ: യാദൃശ്ചികമായി വഴിയരികിൽ കണ്ട യുവാവിന് പൊലീസ് അക്ഷരാർത്ഥത്തിൽ രക്ഷകരായി. ജോലി തേടി വിദേശത്തേക്ക് പോവുകയും പിന്നീട് മാനസിക അസ്വസ്ഥതകളോടെ നാടും വീടും അറിയാതെ തെരുവിൽ അലയുകയും ചെയ്യുകയായിരുന്ന പ്രമുഖ ട്രാവ‌ൽ വ്ളോഗറെ പൊലീസുകാർ വൈകിയാണ് തിരിച്ചറിഞ്ഞത്. ഒടുവിൽ ചികിത്സ നൽകി, വീട്ടുകാരുടെ വിവരങ്ങൾ തേടിപ്പിടിച്ച് അവരെ ആശുപത്രിയിൽ എത്തിക്കുകയും യുവാവിനെ കൈമാറുകയും ചെയ്തു. യുവാവ് ഗൾഫിലാണെന്ന് കരുതിയിരിക്കുകയായിരുന്ന വീട്ടുകാർ അവിടെ നിന്ന് വിവരങ്ങളൊന്നും കിട്ടാതെ ആശങ്കയിൽ ദിവസങ്ങൾ തള്ളിനീക്കുകായിരുന്നു അതുവരെ

തൃശ്ശൂർ സിറ്റി പൊലീസ് പങ്കുവെച്ച കുറിച്ച് ഇങ്ങനെ
വൈകീട്ട് ആറുമണിയോടെയാണ് ജോസ് തിയേറ്ററിനു സമീപത്തുനിന്നും ഒരാൾ മുഷിഞ്ഞ പാൻറിട്ട് ഷർട്ടില്ലാതെ ഒരു ബാഗുമായി വാഹനങ്ങൾക്കിടയിലൂടെ എന്തോ വിളിച്ച് പറഞ്ഞ് നടക്കുന്നത്  കൺട്രോൾറൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.  ഉടൻതന്നെ അദ്ദേഹത്തെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. 

ഇൻസ്പെക്ടർ ജിജോ എം ജെയുടെ നിർദ്ദേശപ്രകാരം അയാളെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സതീഷ് മോഹൻ, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരും ചേർന്ന് ആശുപത്രിയിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പിന്നീട് അയാളെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയക്കുകയും ചെയ്തു. 
 
ഡോക്ടർ പരിശോധിച്ചതിനു ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന്   നിർദ്ദേശിച്ചു.  അയാളെ ആശുപത്രിയിലാക്കി തിരിച്ചുവരാനിരുന്ന പോലീസുദ്യോഗസ്ഥരുടേയും കൈപിടിച്ച് അയാൾ കരയാൻ തുടങ്ങി. അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതിനിടയിൽ സതീഷ് മോഹന് അദ്ദേഹത്തെ എവിടേയോ കണ്ടതുപോലെ തോന്നിക്കുകയും സ്റ്റേഷനിലേക്ക് അദ്ദേഹത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്തു. 

സഹപ്രവർത്തകനായ ശ്രീജിത്ത് ഇയാൾ ഒരു പ്രശസ്ത ട്രാവൽ വ്ളോഗറാണെന്ന സംശയം പറഞ്ഞതോടെ സതീഷ് മോഹൻ സോഷ്യൽ മീഡയയിൽ പരതാൻ തുടങ്ങി. ഇദ്ദേഹം എവറസ്റ്റ്, അന്നപൂർണ്ണ മൌൺടെയ്ൻ  എന്നിവിടങ്ങളിൽ ട്രക്കിങ്ങ് നടത്തിയ വിവരങ്ങളും വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും, വിദേശ രാജ്യങ്ങളിലെ ട്രക്കിങ്ങ് വാർത്തകളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു. കൂടാതെ ഒരു നമ്പരും കണ്ടെത്തി .അദ്ദേഹത്തിന്റ ബന്ധുവിന്റെ നമ്പരായിരുന്നു അത്.  സംഭവം ബന്ധുവിനെ അറിയിക്കുകയും പിന്നേദിവസം തന്നെ അവർ തൃശൂരിലെത്തുകയും ചെയ്തു.

വീട്ടുകാർ സ്റ്റേഷനിലെത്തിയപ്പോഴാണ് അദ്ദേഹത്തെകുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചത്. കുങ്ഫു മാസ്റ്ററായ ഇദ്ദേഹം  ട്രക്കിങ്ങിനായി പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇപ്രാവശ്യം  ഒരു ജോലി ലക്ഷ്യമാക്കിയാണ് ഗൾഫിലേക്ക് പോയത്. പിന്നീട് വീട്ടുകാർ കേട്ടത്  ഒരു സുഹൃത്ത് ഇദ്ദേഹത്തെ മാനസിക അസ്വസ്ഥതയോടെ കോട്ടയ്ക്കൽ  ബസ് സ്റ്റാൻഡിൽ കണ്ടുഎന്നതാണ്. വീട്ടുകാർ ഇത് വിശ്വസിച്ചില്ല. 

എങ്കിലും ഗൾഫിൽ പോയ ആളുടെ വിവരം അറിയാത്തതിനാൽ അടുത്ത പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഗൾഫിൽതന്നെയുണ്ടാകും എന്ന ഉറച്ച വിശ്വാസത്തിൽ കേസ് റെജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞിരുന്നില്ല. അതിനിടയിലാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചത്. വീട്ടുകാരെ കണ്ടതോടെ അയാൾ മാനസികമായി ഏറെ മെച്ചപ്പെട്ടിരുന്നു.  അന്നുതന്നെ മജിസ്ട്രറ്റിനുമുന്നിലെത്തിയപ്പോൾ കൃത്യമായ ഓർമ്മയോടെ അദ്ദേഹം കാര്യങ്ങൾ വിവരിച്ചു.

ഗൾഫിലേക്ക് പോയത് യൂറോപ്പു മുഴുവൻ ട്രക്കിങ്ങ് നടത്താം എന്ന ഉദ്ദേശത്തിലായിരുന്നു. ഗൾഫിലെത്തിയതിന്റെ പിറ്റേദിവസം തന്നെ എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല. എവിടെയാണെന്നും ഓർമ്മയില്ല. അവിടെയുള്ളവർ തിരിച്ച് നെടുമ്പാശ്ശേരിയിലേക്ക് കയറ്റിവിട്ടു. നെടുമ്പാശ്ശേരിയിൽ നിന്നും ആരോ കോട്ടയ്ക്കൽ ബസ്സിൽ നാട്ടിലേക്കും യാത്രയാക്കി. കോട്ടയ്ക്കലിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്തിനെ കണ്ടതായി ഓർക്കുന്നു അതല്ലാതെ വേറെ ഒന്നും ഓർമ്മയില്ല. 

"പിന്നെ വീണ്ടും അവിടെനിന്നും ബസ്സ് കയറി തൃശൂരിലെത്തി ഇപ്പോൾ എനിക്ക് ഓർമ്മയെല്ലാം തിരിച്ചുകിട്ടിയിട്ടുണ്ട് പക്ഷേ ഗൾഫിൽ പോയ എനിക്ക് രണ്ടുദിവസംകൊണ്ട് എന്തുസംഭവിച്ചു എന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. മൊബൈൽ ഫോൺ നഷ്ടപെടുകയും ചെയ്തു. സാർ എന്നെകുറിച്ചറിയാൻ ശ്രമിച്ചതുകൊണ്ടാണ് എനിക്കെന്റെ വീട്ടുകാരെ കാണാൻ കഴിഞ്ഞത്. ഞാൻ ഗൾഫിലാണെന്ന് കരുതി വീട്ടുകാരും ഇരിക്കുമായിരുന്നു."

അയാളും വീട്ടുകാരും  സതീഷ് മോഹനോടും അനീഷിനോടും മറ്റു പോലീസുദ്യോഗസ്ഥരോടും ഏറെ നന്ദി അറിയിച്ചു.  ഇനിയും ട്രാവലിങ്ങ് തുടരണമെന്നും വിവിധ രാജ്യങ്ങൾ സന്ദർശിക്കണമെന്നും യുവാവ് പറഞ്ഞു. ആഫ്രിക്കയിലേക്കാണ് അടുത്ത ട്രക്കിങ്ങ്. കൂടുതൽ വിവരങ്ങൾ കാണാൻ സാർ തന്റെ ചാനൽ  കാണണം. സാറിനെ ഇടയ്ക്കൊക്കെ വിളിക്കും എന്നേയും വിളിക്കണം എന്നു പറഞ്ഞാണ് അദ്ദേഹം യാത്രയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios