ISL 2021-22 : കീഴടങ്ങില്ല! വീണ്ടും ജംഷഡ്പൂരിന്റെ വെല്ലുവിളി മറികടന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍
2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാംപാദത്തല്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ (Jamshedpur FC) കനത്ത വെല്ലുവിളി മറികകടന്നാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്. തിലക് മൈദാനില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. ഇന്ന് അഡ്രിയാന്‍ ലൂണയാണ് (Adrian Luna) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡറാണ് ജംഷഡ്പൂരിന്‍റെ ഗോള്‍ നേടിയത്.
മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിനെത്തുന്നത്. 2014ല്‍ പ്രഥമ സീസണില്‍ തന്നെ ടീം ഫൈനലിലെത്തി. എന്നാല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് (എടികെ മോഹന്‍ ബഗാന്‍) തോറ്റു. 2106ലായിരുന്നു അടുത്ത ഫൈനല്‍ പ്രവേശനം. ഇത്തവണയും കൊല്‍ക്കത്തകാര്‍ക്ക് മുന്നില്‍ വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. എടികെ മോഹന്‍ ബഗാന്‍- ഹൈദരബാദ് എഫ്‌സി സെമിയിലെ വിജയികളെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ നേരിടുക. ആദ്യപാദത്തില്‍ ഹൈദരാബാദ് 3-1ന് ജയിച്ചിരുന്നു. രണ്ട് ഗോള്‍ നേടി തിരിച്ചെത്തുകയെന്നത് എടികെയെ സംബന്ധിച്ച് കടുപ്പമായിരിക്കും.
ആദ്യ പകുതി
പുറത്തുപോവേണ്ടിവന്നതിന്റെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോള്‍ ആരാധകര്‍. താരത്തിന്റെ അഭാവത്തിലും ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്‌സ്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. പെരേര ഡയസിന്റെ പാസില്‍ നിന്ന് ഗോളിലേക്ക് ലഭിച്ച സുവര്‍ണാവസരം ആല്‍വാരോ വാസ്‌ക്വസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്.
പത്താം മിനിറ്റില്‍ പേരേര ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്‌ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. എന്നാല്‍ 18-ാ മിനിറ്റില്‍ ലൂണയുടെ ഗോളെത്തി. രണ്ട് ഡിഫന്‍ഡര്‍മാരുടെ വെട്ടിച്ച് അവരുടെ കാലുകള്‍ക്കിടയിലൂടെ ബോക്‌നിന് പുറത്തു നിന്ന് വലതുമൂലയിലേക്ക് ലൂണ തൊടുത്ത വലംകാലനടി ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ മൂലയില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ആരാധകര്‍ ആവേശത്തേരിലേറി.
പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് ജംഷ്ഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ 36-ാം മിനിറ്റില്‍ ബോക്‌നിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡാനിയേല്‍ ചീമ ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചു. ആദ്യം ഗോള്‍ അനുവദിച്ച റഫറി അത് ഓഫ് സൈഡാണെന്ന് കണ്ട് തിരുത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.
രണ്ടാം പകുതി
രണ്ടാംപാതി ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കകം ജംഷഡ്പൂര്‍ ഒപ്പമെത്തി. ഗ്രേഗ് സ്റ്റിവാര്‍ട്ടിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുണ്ടായ കൂട്ടപൊരിച്ചിലിലാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിയത്. ഗോള്‍മുഖത്തുണ്ടായിരുന്നു ഹാള്‍ഡര്‍ക്ക് അനായാസം ഗോള്‍കീപ്പറെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞു.
ഗോള്‍വീണതിന് തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രണം കടുപ്പിച്ചു. തൊട്ടടുത്ത മിനിറ്റില്‍ വാസ്‌ക്വെസിന്റെ ഗോള്‍ശ്രമം ജംഷഡ്പൂര്‍ കീപ്പര്‍ ടി പി രഹനേഷ് തട്ടിയിട്ടു. എന്നാല്‍ പ്രതിരോധതാരത്തിന്റെ കാലില്‍തട്ടി പോസ്റ്റിലേക്ക് വന്നെങ്കിലും ഗോള്‍വരയില്‍ വച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 55-ാം ലെസ്‌കോവിച്ചിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ പുറത്തേക്ക്.
ബ്ലാസ്റ്റേഴ്‌സിന്റെ പെട്ടന്നുള്ള ആക്രമണത്തില്‍ ജംഷഡ്പൂര്‍ ചെറുതായൊന്നും വിറച്ചെങ്കിലും പതിയെ താളം വീണ്ടെടുത്തു. 66-ാം മിനിറ്റില്‍ സ്റ്റിവാര്‍ട്ടിന്റെ ഫ്രീകിക്ക് ബ്ലാസേറ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയകറ്റി. പിന്നാലെ പെരേര ഡയസിന്റെ ഗോള്‍ലൈന്‍ സേവ്. 79-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയുടെ ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.
സഹലിന് പരിക്ക്
ആദ്യപാദ സെമി കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പരിക്കുമൂലം ടീമിലില്ലാതിരുന്നത് ആരാധരെ നിരാശരാക്കി.
ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്റെ അസിസ്റ്റില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു.