ബെംഗലൂരുവിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കുമേല്‍ ഇരട്ട പ്രഹരവുമായി എടികെ
ആദ്യ പകുതിയില്‍ 38-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റോയ് കൃഷ്ണയും ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഫ്രീ കിക്കില്‍ നിന്ന് മാഴ്സലീഞ്ഞോയുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ ബെംഗലൂരു എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കുമേല്‍ ഇരുട്ടടിയുമായി എടികെ മോഹന്‍ ബഗാന്‍. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ എടികെയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബെംഗലൂരുവിന്‍റെ തോല്‍വി.
ആദ്യ പകുതിയില്‍ 38-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റോയ് കൃഷ്ണയും ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഫ്രീ കിക്കില്‍ നിന്ന് മാഴ്സലീഞ്ഞോയുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനായി ബെംഗലൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കാന്‍റെ നേതൃത്വത്തിലുള്ള എടികെ പ്രതിരോധം വഴങ്ങിയില്ല.
ഗോള്‍രഹിതമായ ആദ്യ അരമണിക്കൂറിനുശേഷം ബോക്സില്‍ റോയ് കൃഷ്ണയെ പ്രതീക് ചൗധരി വീഴ്ത്തിയതിനാണ് എടികെയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴിച്ചില്ല. ആദ്യ പകുതി തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ബോക്സിന് തൊട്ടു പുറത്ത് ഡേവിഡ് വില്യംസിനെ ഹര്‍മന്‍ജ്യോത് ഖബ്ര വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് മാഴ്സലീഞ്ഞോ മഴവില്‍ കിക്കിലൂടെ പന്ത് വലയിലാക്കിയത്.
ജയത്തോടെ 16 കളികളില്‍ 33 പോയന്‍റുമായി എടികെ ഒന്നാം സ്ഥാനത്തുള്ള മംബൈ സിറ്റിയുമായുള്ള പോയന്‍റ് വ്യത്യാസം ഒരു പോയന്‍റാക്കി കുറച്ചു. 17 കളികളില്‍ 19 പോയന്‍റുള്ള ബെംഗലൂരു ആറാം സ്ഥാനത്താണ്.