ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം; പ്രതിഷേധാഗ്നി അണയാതെ അമേരിക്കന്‍ നഗരങ്ങള്‍; പൊലീസുകാരന്‍ അറസ്റ്റില്‍
പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നാലാം ദിനവും പ്രതിഷേധങ്ങൾ ആളിപടരുകയാണ്
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മരിച്ച സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പൊലീസിന്റെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നാലാം ദിനവും പ്രതിഷേധങ്ങൾ ആളിപടരുകയാണ്.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തീവച്ചു.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ അമേരിക്കയിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. മുഖ്യപ്രതി ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കി. പങ്കാളികളായ മറ്റ് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.
മരണത്തില്‍ ദുഖം രേഖപ്പെടുത്തിയെങ്കിലും കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ട്വീറ്റുകള്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്. മിനിയാപൊളിസ് നഗരത്തില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രസ്‌താവിച്ചു.