Russia Ukraine Crisis : യുക്രൈൻ സർവകലാശാലകളിൽ കുടുങ്ങി രണ്ടായിരത്തിലധികം മലയാളികൾ
യുക്രൈനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നാണ് നോർക സിഇഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോർക്ക വഴി റജിസ്റ്റർ ചെയ്യാത്ത നിരവധി മലയാളി വിദ്യാർത്ഥികളുണ്ട്.
തിരുവനന്തപുരം/ കീവ്: യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ, രാജ്യത്തെ ഒഡേസ, ഖാർകിവ് നഗരങ്ങളിലെ സർവകലാശാലകളിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 213 മലയാളി വിദ്യാർത്ഥികളാണ് ഈ രണ്ട് നഗരങ്ങളിലെയും സർവകലാശാലകളിലായി കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് നടത്താനിരുന്ന എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതോടെ തിരികെ വരാൻ ഒരു വഴിയുമില്ലാതെ അവിടെ കുടുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ.
യുക്രൈനിൽ 2320 മലയാളി വിദ്യാർത്ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നത്. ഇവരെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തെഴുതി.
യുക്രൈനിലേക്ക് കര മാർഗം റഷ്യയിൽ നിന്ന് പ്രവേശിക്കുന്ന പ്രധാനനഗരങ്ങളാണ് ഖാർകിവും ഒഡേസയും. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗവും ഈ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെ കനത്ത ആശങ്കയിലാണ് കുട്ടികൾ.
ഇതിൽ ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റഷ്യൻ സൈന്യം ഒഡേസ തുറമുഖത്ത് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഖാർകിവ് നഗരത്തിന്‍റെ അതിർത്തി വഴിയും സൈന്യം ഇവിടേക്ക് പ്രവേശിക്കുന്നു.
യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്.
വിദ്യാർത്ഥികളിൽ പലരും പല എയർ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായി. ഇത്തരത്തിൽ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാൽ നേരത്തേ ദില്ലിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യൻ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തിൽ നടന്നത്.
സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്. യുക്രൈനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നാണ് നോർക സിഇഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോർക്ക വഴി റജിസ്റ്റർ ചെയ്യാത്ത നിരവധി മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരുടെ കണക്കെടുക്കുക ഇനി പ്രയാസമാണ്.
182 വിദ്യാർത്ഥികളാണ് നോർക്കയെ അറിയിച്ച് യുക്രൈനിൽ പോയിട്ടുള്ളത്. എന്നാൽ നോർക്കയെ അറിയിക്കാതെ എത്ര കുട്ടികൾ പോയി എന്നതിന് കണക്കില്ല എന്നാണ് നോർക്ക ചെയർമാനും മുൻ എംഎൽഎയുമായ പി ശ്രീരാമകൃഷ്ണൻ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ അവിടെ നിൽക്കണമെന്ന് നിർബന്ധമില്ലാത്ത കുട്ടികളോട് തിരികെയെത്താൻ നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. ഇതനുസരിച്ച് നിരവധി കുട്ടികൾ തിരികെയെത്തി. എന്നാലിപ്പോൾ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളെ പലരെയും തടഞ്ഞിട്ടുണ്ട്. പലരും പല വിമാനത്താവളങ്ങളിലായി കുടുങ്ങി. അവരെല്ലാം വിമാനസർവീസുകൾ റദ്ദാക്കിയതോടെ വലിയ പ്രതിസന്ധിയിലാണ്. മറ്റ് കുട്ടികളെ ബന്ധപ്പെടാൻ നിലവിൽ മാർഗമില്ല. എംബസിയുടെയും നോർക്കയുടെയും നമ്പറുകൾ വ്യാപകമായി എല്ലാവരോടും അറിയിച്ചിട്ടുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്.
ക്ലാസുകൾ നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയാണ് പല കുട്ടികളും അവിടെ തുടർന്നത്. സ്ഥിതി വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും ചർച്ച ചെയ്ത് വരികയാണ്.
യുക്രൈൻ റഷ്യ യുദ്ധം - തത്സമയവിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക - ലൈവ് ബ്ലോഗ്
നോർക്ക ചെയർമാന്‍റെ വാർത്താസമ്മേളനം: