തീരുമാനമായി, ഫ്രഞ്ച് പ്രസിഡന്‍റിനൊപ്പം പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ, തിയതിയും സ്ഥലവും തീരുമാനിച്ചു; കാരണം!
ജനുവരി 25 ന് ജയ്പൂരിലായിരിക്കും ഇരു രാജ്യത്തിന്‍റെയും ഭരണാധികാരികൾ ഒന്നിച്ച് റോഡ് ഷോയിൽ അണിനിരക്കുക
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനൊപ്പം റോഡ് ഷോ നടത്തും. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മോദിയുടെ മക്രോണും ഒന്നിച്ച് റോഡ് ഷോ നടത്തുക. റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്നായ ജനുവരി 25 ന് ജയ്പൂരിലായിരിക്കും ഇരു രാജ്യത്തിന്‍റെയും ഭരണാധികാരികൾ ഒന്നിച്ച് റോഡ് ഷോയിൽ അണിനിരക്കുക. മക്രോണാണ് ഇക്കുറി റിപ്പബ്ളിക് ദിനത്തിലെ അതിഥി. അതുകൊണ്ടാണ് മക്രോണിനൊപ്പം മോദി റോഡ് ഷോ നടത്തുകയെന്ന് കേന്ദ്രം വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം ശേഷിക്കെ ദില്ലിയിലെ പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്ര മോദി ഗ്യാലറി കേന്ദ്ര സർക്കാർ തുറന്നു എന്നതാണ്. മോദി ഉപയോഗിച്ച വസ്ത്രങ്ങൾ വരെ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിലെ ആദ്യ സന്ദർശകയായി എത്തിയത് രാഷ്ട്രപതി ദ്രൗപദി മുർമു ആയിരുന്നു. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം മുതൽ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്തിയാണ് മോദി ഗ്യാലറി തുറന്നത്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഗെയിമുകൾ വഴിയും വെർച്വൽ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാം. പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാം. മന്‍കീ ബാത്തും പരീക്ഷാ പേചർച്ചയും ഗാലറിയിലിരുന്ന് കേൾക്കാം. തെജസ് വിമാനത്തില്‍ മോദി യാത്ര ചെയ്തപ്പോൾ ധരിച്ച സ്യൂട്ടും വാച്ചും വരെ പ്രദർശിപ്പിച്ചാണ് ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 16 വർഷം താമസിച്ചിരുന്ന തീൻമൂർത്തി ഭവനാണ് പിന്നീട് നെഹ്റു മ്യൂസിയമാക്കിയത്. മോദി അധികാരത്തിലെത്തിയതിന് പിന്നാലെ മ്യൂസിയം നവീകരിച്ച് പ്രധാനമന്ത്രി സംഗ്രഹാലയയാക്കി മാറ്റി. നെഹ്റു ലൈബ്രറി പ്രധാനമന്ത്രി ലൈബ്രറിയുമാക്കി. തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രതിച്ഛായ കൂട്ടാൻ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നെഹ്റുവിനെ ചരിത്രത്തിൽനിന്നും മായ്ച്ചുകളയാനുള്ള നീക്കമാണിതെന്നും കോൺഗ്രസ് വിമർശിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം