സീ റാഞ്ചിങ് തുടങ്ങി, കടലിൽ സ്ഥാപിച്ച കൃത്രിമപ്പാരുകളിൽ 22,000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വിഴിഞ്ഞം നോർത്ത് ഹാർബറിൽ നടന്ന പരിപാടിയിൽ സിൽവർ പൊമ്പാനോ ഇനത്തിൽപെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലിൽ നിക്ഷേപിച്ചത്.

project of depositing fish seeds in the sea has started vizhinjam

തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലിൽ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. വിഴിഞ്ഞം നോർത്ത് ഹാർബറിൽ നടന്ന പരിപാടിയിൽ സിൽവർ പൊമ്പാനോ ഇനത്തിൽപെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലിൽ നിക്ഷേപിച്ചത്.

കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്നും ഫിഷറീസ് മേഖലയുടെ മുന്നേറ്റത്തിന് ഇത് കാരണമായെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കൃത്രിമപ്പാരുകളുടെ കാര്യത്തിൽ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്.  എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കും. 60 ശതമാനം ചെലവ് കേന്ദ്രവും 40ശതമാനം സംസ്ഥാനവും വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക പ്രശ്‌നങ്ങളും മാലിന്യപ്രശ്‌നവും നിമിത്തം മത്സ്യ സമ്പത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ച കാലമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമപ്പാരുകൾ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചത്. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാൻ കടലിൽ മത്സ്യവിത്ത് നിക്ഷേപിക്കൽ പദ്ധതിയിലൂടെ സാധ്യമാകും. ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്ന 10 ലക്ഷം മത്സ്യകുഞ്ഞുങ്ങൾ വളർന്ന് 8 കിലോ തൂക്കം വരെ ആകുന്നവയാണെന്നും മന്ത്രി പറഞ്ഞു.

ഒൻപത് തീരദേശ ജില്ലകളിലും തീരക്കടലിൽ കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ യഥാക്രമം 60 : 40 അനുപാതത്തിൽ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. അതനുസരിച്ച് 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിക്കുകയും ചെയ്തു.

പാരുകളിൽ കൂടുതൽ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും ജില്ലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വർധിച്ച തോതിൽ മത്സ്യം ലഭിക്കുന്നതിനും അനുയോജ്യമായ മത്സ്യ വിത്ത് നിക്ഷേപം നടത്തുകയാണ് സീ റാഞ്ചിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാരിൽ നിന്നും എൻഎഫ്ഡിബി മുഖാന്തരം മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിശ്ചിത അകലങ്ങളിലുള്ള 10 കൃത്രിമപ്പാരു സൈറ്റുകളിൽ പൊമ്പാനോ, കോബിയ തുടങ്ങിയ മത്സ്യ വിത്തുകൾ ഒരു പാരിൽ ഒരു ലക്ഷം എന്ന ക്രമത്തിൽ ആകെ 10 ലക്ഷം മത്സ്യ വിത്തുകളാണ് നിക്ഷേപിക്കുന്നത്. 8 മുതൽ 10 ഗ്രാം വരെ വളർച്ചയെത്തിയ മത്സ്യകുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുക.

രാവിലെ തീരത്തെത്തിയവർക്ക് ഞെട്ടൽ, നല്ല പെടക്കണ ചാളക്കൂട്ടം വീണ്ടും കരയിലേക്ക്; വാരിക്കൂട്ടി നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios