ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ ജനാലകൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത് 14500 ഉയരത്തിൽ വച്ച്, വില്ലനായത് 'ലൈറ്റിംഗ്'
അഞ്ചര മണിക്കൂറോളമാണ് തീവ്രവെളിച്ചത്തിലെ സിനിമാ ചിത്രീകരണം നടന്നത്. വിമാനത്തിന്റെ പിന്‍ഭാഗത്തെ വിന്‍ഡോകള്‍ക്കാണ് തകരാറ് നേരിട്ടത്
ലണ്ടന്‍: സിനിമാ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നത് അറിയാതെ പറന്നുയർന്ന് യാത്രാ വിമാനം. പൊട്ടിയ വിന്‍ഡോ ഗ്ലാസുമായി ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ നിന്നാണ് ടൈറ്റന്‍ എയർവേസിന്റെ എയർബസ് എ 321 ജെറ്റ് വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് പിന്നാലെ പറക്കുന്നതിനിടയില്‍ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ തകരാറ് കണ്ടെത്തിയതോടെ അടിന്തരമായി എസെക്സ് വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.
കഴിഞ്ഞ മാസം നടന്ന സംഭവത്തേക്കുറിച്ച് എയർ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗ്ലാസുകൾ തകർന്നത് എങ്ങനെയാണെന്ന് വ്യക്തമായത്. ക്യാബിനിലെ രണ്ട് വിന്‍ഡോ പാനുകള്‍ കാണാതാവുകയും രണ്ടെണ്ണം സ്ഥാനം മാറിയുമാണ് കിടന്നിരുന്നത്. വലിയ പവറുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് വിമാനത്തിനോട് ഏറെ അടുത്തായി നടന്ന സിനിമാ ചിത്രീകരണമാണ് തകരാറിന് പിന്നിലെന്നാണ് എഎഐബി വിശദമാക്കുന്നത്. സൂര്യോദയത്തിന് സമാനമായ പ്രകാശം നൽകാനായി ഉപയോഗിച്ച ലൈറ്റുകളാണ് വില്ലനായതെന്നാണ് വിവരം.
അഞ്ചര മണിക്കൂറോളമാണ് ഈ തീവ്രവെളിച്ചത്തിലെ ചിത്രീകരണം നടന്നത്. എന്നാല്‍ ഏത് ചിത്രത്തിനായുള്ള ഷൂട്ടിംഗിനിടെയാണ് സംഭവമുണ്ടായതെന്ന് എഎഐബി വിശദമാക്കിയിട്ടില്ല. ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്ക് ഒന്‍പത് യാത്രക്കാരേയും 11 ക്രൂ അംഗങ്ങളുമായി തിരിച്ച വിമാനമാണ് ആകാശത്ത് വച്ച് എമർജന്‍സി സാഹചര്യത്തിലൂടെ കടന്നുപോയത്. വിമാനത്തിന്റെ പിന്‍ഭാഗത്തെ വിന്‍ഡോകള്‍ക്കാണ് തകരാറ് നേരിട്ടത്.
14500 അടി ഉയരത്തില്‍ വിമാനം നില്‍ക്കുമ്പോഴായിരുന്നു അപകടം വിമാനത്തിലെ ക്രൂ അംഗങ്ങള്‍ തിരിച്ചറിയുന്നത്. കാണാതായ വിന്‍ഡോ ഗ്ലാസുകള്‍ ഏറെക്കുറെ ഉരുകിയ നിലയിലാണ് കണ്ടെത്താന്‍ സാധിച്ചത്. അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര കമ്പനിയുടേതാണ് ടൈറ്റന്‍ എയർവേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം