Asianet News MalayalamAsianet News Malayalam

ലോകത്തിലെ 'ഏറ്റവും മികച്ച വിദ്യാർഥി'കളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ 9 വയസ്സുകാരിയും, അഭിമാന നേട്ടം!

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈ ഐക്യു സൊസൈറ്റിയായ  മെൻസ ഫൗണ്ടേഷന്റെ അംഗമാണ് ഈ കൊച്ചു മിടുക്കി. സ്റ്റാൻഡേർഡ്, സൂപ്പർവൈസ്ഡ് ഐക്യു ടെസ്റ്റിലോ  മറ്റ് അംഗീകൃത ഇന്റലിജൻസ് ടെസ്റ്റുകളിലോ 98-ാം ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്ക് മാത്രമെ മെൻസ ഫൗണ്ടേഷനിൽ അംഗത്വം ലഭിക്കുകയുള്ളു.

nine-year-old Indian-American schoolgirl Preesha Chakraborty named in the world s brightest students list vkv
Author
First Published Jan 16, 2024, 2:45 PM IST

കാലിഫോർണിയ: ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് തയ്യാറാക്കിയ 'ലോകത്തിലെ ഏറ്റവും മികച്ച' വിദ്യാർഥികളുടെ പട്ടികയിൽ ഇന്ത്യൻ അമേരിക്കൻ വംശജയായ  9 വയസ്സുകാരിയും. കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂൾ വിദ്യാർഥിനി പ്രീഷ ചക്രവർത്തിയാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000ലധികം വിദ്യാർഥികളുടെ ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലങ്ങൾ വിലയിരുത്തിയാണ് പ്രീഷയെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അറിയിച്ചു. 

കലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിങ് എലിമെന്‍ററി സ്‌കൂൾ വിദ്യാർഥിനിയാണ് പ്രീഷ. 2023 ൽ യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് നടത്തിയ ടെസ്റ്റിൽ പ്രീഷ പങ്കെടുത്തിരുന്നു. ടെസ്റ്റിംഗ്, പ്രോഗ്രാമുകൾ എന്നിവയിലൂടെ പ്രതിഭാശാലികളായ വിദ്യാ‌ർത്ഥികളെ കണ്ടെത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 1979-ൽ സ്ഥാപിതമായ കേന്ദ്രമാണ് സിടിവൈ.  സിടിവൈയുടെ ടാലന്റ് സെർച്ചിന്റെ ഭാഗമായി എസ്എടി (സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്), എസിടി (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ നിരവധി പരീക്ഷകൾ നടക്കും. ഇവയെല്ലാം മറിക്കടക്കുകയെന്നത് ഒട്ടും നിസ്സാരമല്ല. എന്നാൽ എല്ലാ  പരീക്ഷകളിലും  അസാധാരണ പ്രകടനമാണ് ഈ മിടുക്കി കാഴ്ചവെച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രീഷയുടെ അഞ്ചാം ക്ലാസ് ലെവൽ  പരീക്ഷയിലെ പ്രകടനം കണ്ട് ഞെട്ടിയിരിക്കയാണ് പരീക്ഷ അധികൃതർ. 

പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ  വിദ്യാർത്ഥികൾ ഹൈ ഓണേഴ്‌സ് അല്ലെങ്കിൽ ഗ്രാൻഡ് ഓണേഴ്‌സ്ന് യോഗ്യത നേടും. ഓരോ വർഷവും 30 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്ക് മാത്രമെ ഇത് ലഭിക്കുന്നുള്ളു . വെർബൽ ക്വാണ്ടിറ്റേറ്റിവ് വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് നേടിയ പ്രീഷ 99 പെർസെന്റൈലുമായി  ഗ്രാൻഡ് ഓണേഴ്‌സ് കരസ്ഥമാക്കി.  ഗ്രാൻഡ് ഓണേഴ്‌സ് നേടിയ പ്രീഷക്ക് ഇനി ജോൺസ് ഹോപ്കിൻസ് സിടിവൈയുടെ 2 മുതൽ 12 വരെ ക്ലാസ്സുകളിലെ മികച്ച വിദ്യാ‌ർത്ഥികൾക്കായുള്ള ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, വായന, എഴുത്ത് തുടങ്ങി 250ലധികം ഓൺലൈൻ, ക്യാമ്പസ് പ്രോഗ്രാമുകളിൽ പങ്കെടുക്കാം. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈ ഐക്യു സൊസൈറ്റിയായ  മെൻസ ഫൗണ്ടേഷന്റെ അംഗമാണ് ഈ കൊച്ചു മിടുക്കി. സ്റ്റാൻഡേർഡ്, സൂപ്പർവൈസ്ഡ് ഐക്യു ടെസ്റ്റിലോ  മറ്റ് അംഗീകൃത ഇന്റലിജൻസ് ടെസ്റ്റുകളിലോ 98-ാം ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്ക് മാത്രമെ മെൻസ ഫൗണ്ടേഷനിൽ അംഗത്വം ലഭിക്കുകയുള്ളു. പ്രതിഭാശാലികളായ വിദ്യാർത്ഥികളെ കണ്ടെത്താനായി ദേശീയതലത്തിൽ നടത്തുന്ന നാഗ്ലിയേരി നോൺ വെർബൽ എബിലിറ്റി ടെസ്റ്റിൽ 99 ശതമാനം നേടിയാണ് പ്രീഷ ഇവിടെ അംഗത്വം നേടുന്നത്. 

ഈ നേട്ടം കരസ്ഥമാക്കുമ്പോൾ പ്രീഷയുടെ പ്രായം വെറും ആറ് വയസ്സ് മാത്രമാണ്. ചെറിയപ്രായത്തിൽ തന്നെ  പ്രീഷ പഠനത്തിൽ വളരെയധികം താൽപര്യം കാണിച്ചിരുന്നതായി താരത്തിന്റെ മാതാപിതാക്കൾ പറയുന്നു. കൂടാതെ തുടക്കം മുതൽ തന്നെ പ്രീഷയുടെ അക്കാദമിക് കഴിവുകൾ അസാധാരണമായിരുന്നെന്നും അവ‍ർ മാധ്യമങ്ങളോട് പറ‍ഞ്ഞു. പഠനത്തോടൊപ്പം യാത്രകൾ, ആയോധന കലകൾ എന്നിവയിലും പ്രീഷക്ക് താൽപര്യമുണ്ട്.

ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് അംഗീകരിച്ച 'ലോകത്തിലെ ഏറ്റവും മികച്ച' വിദ്യാർഥികളുടെ പട്ടികയിൽ 13 വയസ്സുള്ള ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി നതാഷ പെരിയനായഗവും തുടർച്ചയായി രണ്ടാം വർഷവും ഇടം നേടിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ഫ്ലോറൻസ് എം ഗൗഡിനീർ മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നതാഷ. ന്യൂജഴ്സിയിലെ ഫ്ലോറൻസ് എം ഗൗഡിനീർ മിഡിൽ സ്‌കൂളിൽ പഠിക്കുന്ന പെരിയനായഗം, 2021ൽ ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് ടെസ്റ്റിലും പങ്കെടുത്തിട്ടുണ്ട്.  

Read More :  ഭിത്തി കെട്ടിയിട്ടും തടയാനാവാതെ ലാവാ പ്രവാഹം, ഐസ്‍ലൻഡിൽ വൻ നാശം വിതച്ച് അഗ്നിപർവത സ്ഫോടനം, വീടുകൾ കത്തിനശിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios