Asianet News MalayalamAsianet News Malayalam

പക അത് വീട്ടാനുള്ളതാണ്! സെമിക്ക് പകരം സെമി, രാജകീയമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യൻ പട

എന്നാൽ 16.4 ഓവറിൽ 103ന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. 68 റൺസിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

India beat England in T20 World Cup semi final
Author
First Published Jun 28, 2024, 1:41 AM IST

ഗയാന: ഫൈനലിൽ ബെര്‍ത്ത് ഉറപ്പിച്ച് എതിരാളിയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കയോട് കാത്തിരിക്കേണ്ട, ഞങ്ങൾ വരുന്നുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായി ടി20 ലോകകപ്പിന്‍റെയുെം ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 171-7, ഇംഗ്ലഷ് 16.4 ഓവറില്‍ 103ന് ഓള്‍ ഔട്ട്.

172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി തുടക്കത്തില്‍ പൊരുതാൻ ശ്രമിച്ച ക്യാപ്റ്റന്‍ ജോസ് ബ്ടലറിനെ(23) നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അക്സര്‍ കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച തുടങ്ങി. ഐപിഎല്ലില്‍ തിളങ്ങിയ ഫില്‍ സാൾട്ടിന്റെ കുറ്റിയറുത്ത്  ജസ്പ്രീത് ബുമ്ര രണ്ടാം പ്രഹരമേല്‍പ്പിച്ചു.പിന്നാലെ ജോണി ബെയര്‍സ്റ്റോ(0)യെ ക്ലീൻ ബൗൾഡ് ആക്കി പവര്‍ പ്ലേയില്‍ തന്നെ അക്സര്‍ ഇംഗ്ലണ്ടിന്‍റെ വിധിയെഴുതി.

പവര്‍ പ്ലേക്ക് പിന്നാലെ മൊയീൻ അലിയെ(8) കൂടി പുറത്താക്കി അക്സർ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചച് കുല്‍ദീപ് യാദവായിരുന്നു.സാം കറനെ(2)  വിക്കറ്റിന് മുന്നില്‍ കുടുക്കി വിക്കറ്റ് വേട്ട തുടങ്ങിയ കുല്‍ദീപ് ടോപ് സ്കോററായ ഹാരി ബ്രൂക്കിനെയും(26), ക്രിസ് ജോര്‍ദാനെയും(1) കറക്കി വീഴ്ത്തി. 72/7 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷ ആയിരുന്ന ലിയാം ലിവിംഗ്‌സ്റ്റണ്‍(11) റണ്ണൗട്ടായി. ആദിൽ റഷീദിനെ(2) കൂടി മടക്കി കുൽദീപ് നാല് വിക്കറ്റ് തികച്ചപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച ജോഫ്രാ ആര്‍ച്ചറിനെ(15 പന്തില്‍ 21) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിച്ചു. ഇതോടെ 2022 ലോകകപ്പിൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി ഏറ്റുവാങ്ങി പുറത്തായതിന്റെ പകവീട്ടൽ കൂടിയായി ഇത്തവണത്തെ ഇംഗ്ലണ്ടിനെ സെമിയില്‍ കീഴടക്കി ഫൈനലിലെത്തിയ ഇന്ത്യയുടെ ജയം.

ഇന്ത്യയുടെ 171

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്‍റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും (9 പന്തില്‍ 17*) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി (9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി വീണ്ടും കോലി

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റീസ് ടോപ്‌ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി ടോപ്‌ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ രോഹിത്തിന്‍റെ ബാറ്റിലായി.

ഇരട്ടപ്രഹരത്തില്‍ തളര്‍ന്ന് ഇന്ത്യ

പിന്നാലെ പതിനാലാം ഓവറില്‍ ആദില്‍ റഷീദിന്‍റെ താഴ്ന്നു വന്ന പന്തില്‍ രോഹിത് ബൗള്‍ഡായി പുറത്തായി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും പറത്തിയാണ് രോഹിത് 57 റണ്‍സടിച്ചത്. പതിനഞ്ച് ഓവറില്‍ 117/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ സൂര്യകുമാര്‍ യാദവ് വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 36 പന്തില്‍ 47 റണ്‍സെടുത്ത സൂര്യ രണ്ട് സിക്സും നാലു ഫോറും പറത്തി. രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതല്‍ 17 വരെയുള്ള ഓവറുകളില്‍ 22 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. 

പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദ്ദനെ തുടര്‍ച്ചയായി രണ്ട് സിക്സ് പറത്തിയ ഹാര്‍ദ്ദിക് ഇന്ത്യയെ 150ന് അടുത്തെത്തിച്ചെങ്കിലും ഹാര്‍ദ്ദിക്കിനെയും(13 പന്തില്‍ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോര്‍ദ്ദാൻ ഇരട്ട പ്രഹരമേല്‍പ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി.ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച ജഡേജ ഇന്ത്യയെ 150 കടത്തിയപ്പോള്‍ ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്സ് പറത്തിയ അക്സര്‍ പട്ടേല്‍ ഇന്ത്യയെ 171ല്‍ എത്തിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. 

ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല, രോഹിത്തും ബട്‌ലറും എല്ലാ കണക്കിലും ഒപ്പത്തിനൊപ്പം, അന്തംവിട്ട് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios