ക്ഷീണിച്ച് പാർക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യപ്രവർത്തകയെ മരണം വരെ പീഡിപ്പിച്ചു, ബ്രിട്ടനിൽ യുവാവിന് ജീവപര്യന്തം
രാത്രിയിൽ പുറത്തിറങ്ങിയ 37കാരി ക്ഷീണം തോന്നിയതിന് പിന്നാലെ പാർക്കിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ മയങ്ങി വീഴുകയായിരുന്നു. യുവതിക്ക് ബോധമില്ലെന്ന് വ്യക്തമായ ശേഷമുള്ള യുവാവിന്റെ ക്രൂരത സിസിടിവിയിൽ വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്
ബ്രിട്ടൻ: നടക്കാനിറങ്ങിയതിനെ ക്ഷീണം തോന്നി പാർക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യ പ്രവർത്തകയെ മരിക്കുന്നത് വരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടനിലെ ഓൾഡ് ബെയ്ലി കോടതിയാണ് എൻഎച്ച്എസ് ജീവനക്കാരിയുടെ ക്രൂരമായ കൊലപാതകത്തിൽ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 ജൂലൈ 17നാണ് നഥാലി ഷോട്ടർ എന്ന ആരോഗ്യ പ്രവർത്തക അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വെസ്റ്റ് ലണ്ടനിലെ സൌത്ത്ഹാൾ പാർക്കിലെ ബെഞ്ചിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ക്രൂരതയ്ക്കെതിരെ രൂക്ഷമായ വിമർശനത്തോടെയാണ് കോടതി വിധി.
ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ചലനം നിലയ്ക്കും വരെ മൊഹമ്മദ് നൂർ ലിഡോ എന്ന യുവാവ് ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന ഇയാളുടെ വാദം കോടതി തള്ളിയിരുന്നു. ബലാത്സംഗത്തിനിടയിലെ ഹൃദയാഘാതം മൂലമാണ് 37കാരിയായ നഥാലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കിയത്.
2022ൽ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പോലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ ഓൺലൈനിൽ അശ്ലീല സംസാരം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പാർക്കിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകരമായത്. പാർക്കിലെ ബെഞ്ചിൽ അവശനിലയിൽ യുവതി ഇരിക്കുന്നത് കണ്ടതിന് പിന്നാലെ മൂന്നിലേറെ തവണ യുവാവ് സമീപത്തെത്തി നിരീക്ഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് നടക്കാനിറങ്ങിയ ശേഷമായിരുന്നു 37കാരി പാർക്കിൽ എത്തിയത്.
ക്ഷീണം തോന്നിയ യുവതി പാർക്കിൽ ഇരുന്ന 37കാരി അബോധാവസ്ഥയിൽ ആണെന്ന് തിരിച്ചറിഞ്ഞ ശേഷമായിരുന്നു പീഡനമെന്നാണ് പൊലീസ് കോടതിയിൽ വിശദമാക്കിയത്. അക്രമത്തിന് ശേഷം സമീപത്തെ കടയിൽ നിന്ന് സാധനങ്ങളും വാങ്ങി സാധാരണ രീതിയിലാണ് ഇയാൾ വീട്ടിലേക്ക് മടങ്ങിയത്. പാർക്കിലെത്തിയ മറ്റ് ആൾക്കാരാണ് യുവതിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയതും വിവരം പൊലീസിനെ അറിയിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം