വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്- വീഡിയോ
ചൈനയിലെ ഡാജിഷാനിൽ ജൂൺ പത്തിന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ലി യിജുൻ എന്നയാൾ രണ്ട് കുട്ടികളെ ജീവൻ പണയംവച്ച് രക്ഷപ്പെടുത്തിയത്.
ബീജിംഗ്: ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപോയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഡാജിഷാനിൽ ജൂൺ പത്തിന് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ലി യിജുൻ എന്നയാൾ രണ്ട് കുട്ടികളെ ജീവൻ പണയംവച്ച് രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കത്തിൽനിന്ന് ലി കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.
ശക്തമായ മഴയെ തുടർന്ന് പുഴയിൽനിന്ന് വെള്ളം കരകവിഞ്ഞ് നഗരത്തിലെ റോഡുകളിലേക്ക് കയറുകയായിരുന്നു. കിഴക്കെ ചൈനയിലെ ഗാൻസു നഗരത്തിലെ റോഡിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കുട്ടികൾ ഒലിച്ചു വന്നത്. ആദ്യത്തെ കുട്ടിയെ രക്ഷിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞാണ് അടുത്തയാളെ രക്ഷപ്പെടുത്തിയത്.
'രക്ഷപ്പെടുത്തണേ' എന്ന നിലവിളികേട്ടാണ് ലി വീടിന് പുറത്തെത്തി കുട്ടികളെ രക്ഷിച്ചത്. പൊലീസുകാരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് ലീ കുട്ടികളെ കരയ്ക്കെത്തിച്ചത്. തന്റെ ജീവൻ പണയം വച്ച് കുട്ടികളെ രക്ഷപ്പെടുത്തിയ ലീയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. 'താങ്കളാണ് യഥാർത്ഥ ഹീറോ' എന്ന് പറഞ്ഞാണ് ലീയെ സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്.