'തനിക്കത് ഇണങ്ങുന്നുണ്ട്'; മാസ്ക് ധരിക്കുന്നതില്‍ നിലപാട് മാറ്റി ട്രംപ്
പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കണമെന്ന് സെന്‍റര്‍ ഡിസീസ് കണ്‍ട്രോള്‍ ആവശ്യപ്പെട്ട സമയത്ത് പോലും മാസ്ക് ധരിക്കാന്‍ ഏപ്രില്‍ മാസത്തില്‍ ട്രംപ് വിമുഖത പ്രകടമാക്കിയിരുന്നു
കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി മാസ്ക് ഉപയോഗിക്കുന്നതിൽ മുൻ നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മാസ്ക് ഉപയോഗിക്കുന്നവർക്കൊപ്പമാണ് എന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മാസ്ക് ധരിച്ച് മാതൃകയാകാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉയർന്ന് നേതാവ് ട്രംപിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് മാറ്റം.
സുരക്ഷിതമായ അകലം പാലിക്കാനാകാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ താൻ മടിക്കില്ലെന്നും ട്രംപ് ഫോക്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്നെ ആളുകള്‍ മാസ്ക് അണിഞ്ഞ് കണ്ടുവെന്നും ട്രംപ് പറയുന്നു. കൊവിഡ് 19 വ്യാപനം രൂക്ഷമായതിന് പിന്നാലെ മാസ്ക് ധരിക്കാന്‍ ഏറെ വിമുഖത കാണിച്ച വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കണമെന്ന് സെന്‍റര്‍ ഡിസീസ് കണ്‍ട്രോള്‍ ആവശ്യപ്പെട്ട സമയത്ത് പോലും മാസ്ക് ധരിക്കാന്‍ ഏപ്രില്‍ മാസത്തില്‍ ട്രംപ് വിമുഖത പ്രകടമാക്കിയിരുന്നു. താന്‍ മാസ്ക് ഉപയോഗിച്ചു, തനിക്കത് ഇണങ്ങുന്നുണ്ട്,അതൊരു കറുത്ത മാസ്കായിരുന്നു, തനിക്കതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല എന്നായിരുന്നു ട്രംപ് ചാനല്‍ അഭിമുഖത്തില്‍ സംസാരിച്ചത്.
മാസ്ക് ധരിച്ചപ്പോള്‍ കൌബോയ് കഥാപാത്രമായ ലോണ്‍ റേഞ്ചറിനെപ്പോലെയാണ് സ്വയം തോന്നിയതെന്നും ഫോക്സ് ടിവിയോട് ട്രംപ് പ്രതികരിക്കുന്നു. ചുറ്റും ആരുമില്ലാത്ത അവസരങ്ങളില്‍ മാസ്ക് ധരിക്കണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നും അമേരിക്ക ഈ ആഴ്ച എന്ന ഫോക്സ് ടിവി പരിപാടിയില്‍ ട്രംപ് പറയുന്നു. അമേരിക്കയിൽ കൊവിഡ് രൂക്ഷമായ ശേഷവും മാസ്ക് ധരിക്കാതെ ട്രംപ് പൊതുവേദികളിൽ എത്തിയിരുന്നു.