'പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം'; കോടതി വിധി മതനിന്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോടതിയുടെതാണ് വിധിയെന്ന് ബിബിസി റിപ്പോര്‍ട്ട്.
ലാഹോര്‍: മതനിന്ദ ആരോപിച്ച് 22കാരനായ വിദ്യാര്‍ത്ഥിക്ക് വധശിക്ഷയും 17 വയസുകാരന് ജീവപര്യന്തം തടവും വിധിച്ച് പാകിസ്ഥാന്‍ കോടതി. മതനിന്ദ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചു, സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോടതിയുടെ വിധിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലീ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ മതനിന്ദ നിറഞ്ഞ ചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പിലൂടെ പങ്കുവച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യമാരെയും അവഹേളിക്കുന്ന പദങ്ങള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും സൃഷ്ടിച്ചതിനാണ് 22കാരന് വധശിക്ഷ വിധിച്ചത്. ഇവ ഷെയര്‍ ചെയ്‌തെന്ന കുറ്റത്തിനാണ് 17കാരന് തടവുശിക്ഷ വിധിച്ചതെന്നും ജഡ്ജിമാര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍ ലാഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് ലഭിച്ച പരാതിയിലാണ് നടപടി. മൂന്ന് വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്ന് മതനിന്ദ ഉള്ളടക്കമുള്ള ഫോട്ടോകളും വീഡിയോകളും ലഭിച്ചെന്നായിരുന്നു പരാതി. അശ്ലീല ഉള്ളടക്കം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനായി പരാതിക്കാരന്റെ ഫോണും എഫ്‌ഐഎ പരിശോധിച്ചിരുന്നു. അതേസമയം, രണ്ട് വിദ്യാര്‍ത്ഥികളെയും കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ ബിബിസിക്ക് നല്‍കിയ പ്രതികരണം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ പിതാവ് ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചു.
ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു