കൊറോണ പരിശോധന ഫലം 20 മിനിട്ടുകള്‍ക്കുള്ളില്‍; അതിവേഗ പരിശോധന സംവിധാനം വികസിപ്പിച്ച് ഓസ്‌ട്രേലിയ
രക്ത സാംപിളുകളില്‍ നിന്ന് 25 മൈക്രോലിറ്റര്‍ പ്ലാസ്‍മ എടുത്ത് ചുവന്ന രക്താണുക്കളെ സംയോജിപ്പിച്ചാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് ഇവർ പറയുന്നു.
സിഡ്നി: ഇരുപത് മിനിറ്റിനുള്ളിൽ കൊറോണ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന പരിശോധന സംവിധാനം കണ്ടെത്തി ഓസ്ട്രേലിയൻ ഗവേഷകർ. നിലവിൽ രോഗമുണ്ടോ എന്നും മുമ്പ് രോഗമുണ്ടായിരുന്നോ എന്നും ഈ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് മൊനാഷ് സർവ്വകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു. ലോകത്തിലാദ്യമായിട്ടാണ് ഈ നീക്കമെന്നും അവർ അവകാശപ്പെടുന്നതായി എൻഡിടിവി വാർത്തയിൽ പറയുന്നു.
ബയോപ്രിയയും മൊനാഷ് സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കണ്‍വര്‍ജന്‍റ് ബയോ നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എആര്‍സി സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ നിന്നുള്ള ഗവേഷകരും പഠന സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രക്ത സാംപിളുകളില്‍ നിന്ന് 25 മൈക്രോലിറ്റര്‍ പ്ലാസ്‍മ എടുത്ത് ചുവന്ന രക്താണുക്കളെ സംയോജിപ്പിച്ചാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് ഇവർ പറയുന്നു. നിലവില്‍ സ്വാബ് പരിശോധനയിലൂടെയാണ് രക്തത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.
ഈ പരിശോധനയിലൂടെ ഓരോ മണിക്കൂറിലും നൂറ് കണക്കിന് സാംപിളുകൾ പരിശോധന വിധേയമാക്കാനും സാധിക്കുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഓസ്ട്രേലിയയിൽ 11000 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 116 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.