ചിതൽപ്പുറ്റ് പൊളിച്ചപ്പോൾ കണ്ടത് 110 മൂർഖൻ കുഞ്ഞുങ്ങൾ, 21 മുട്ടകൾ, 2 വലിയ മൂർഖൻ പാമ്പുകൾ
- ചിതൽപ്പുറ്റ് പൊളിച്ചപ്പോൾ കണ്ടത് മൂർഖൻ കുഞ്ഞുങ്ങളെ
- ഞെട്ടിപ്പിക്കുന്ന സംഭവം ഒഡീഷയിൽ
ഒഡീഷ: മകളുടെ നിലവിളി കേട്ട് ബിജയ് ഭുയാൻ എന്ന തൊഴിലാളി വീട്ടിലെത്തിയപ്പോഴാണ് ആ ഭീകരക്കാഴ്ച്ച കണാനിടയായത്. തന്റെ മകളുടെ കാലിലൂടെ ഇഴഞ്ഞ് കയറിയ മൂർഖൻ കുഞ്ഞിനെ കെെ കൊണ്ട് പിടിച്ചുകളഞ്ഞു. ഇനിയും പാമ്പ് ഉണ്ടാകുമോയെന്ന് ബിജയ് വീട് മുഴുവനും പരിശോധിച്ചു. ഒടുവിലാണ് തന്റെ മൺകുടിലിന്റെ മൂലയിലുള്ള ചിതൽപ്പുറ്റ് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ബിജയ് അയൽക്കാരെ വിളിച്ച് കൂട്ടി. ചിതൽപ്പുറ്റിൽ നിറയെ പാമ്പുകളുണ്ടെന്ന് മനസിലാക്കിയ അയൽക്കാർ സ്നേക്ക് ഹെൽപ്പ് ലൈൻ പ്രവർത്തകരെ വിളിച്ച് വരുത്തി. ഇവരെത്തി ചിതൽപ്പുറ്റ് പൊളിച്ചു മാറ്റി. ചിതൽപ്പുറ്റ് പൊളിച്ചപ്പോൾ നാട്ടുക്കാർ ശരിക്കും ഞെട്ടിപ്പോയി. 110 മൂർഖൻ കുഞ്ഞുങ്ങളും 21 മുട്ടകളും 2 വലിയ മൂർഖൻ പാമ്പുകളെയുമാണ് ചിതൽപ്പുറ്റിൽ നിന്ന് കണ്ടെത്തിയത്.ഒഡീഷയിലെ തീരദേശ മേഖലയായ ബദർക്ക് ജില്ലയിലെ ശ്യാംപൂർ ഗ്രാമത്തിലാണ് സംഭവം.
പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങളെ ഗ്രാമത്തിന് സമീപമുള്ള ഹദാഗർഹ് മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇങ്ങനെയൊരുചിതൽപ്പുറ്റ് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ബിജയ് പൊലീസിനോട് പറഞ്ഞു. എന്നാൽ പുറ്റിൽ പാമ്പുണ്ടെന്ന വിവരം ഇയാൾക്ക് അറിയാമായിരുന്നുവെന്നും ദിവസവും പാലൊഴിച്ച് ആരാധിച്ചിരുന്നതായും നാട്ടുകാരിൽ ചിലർ ആരോപിച്ചു.