മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

മൃഗശാലയിലേക്ക് കടുവകൾ അടക്കമുള്ള വന്യമൃഗങ്ങളുമായി എത്തിയ ലോറി ദേശീയപാത 44ൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

zoo lorry meet accident in national highway 44 crocodiles escapes

ഹൈദരബാദ്: മൃഗശാലയിൽ നിന്ന് മൃഗങ്ങളെ മാറ്റുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകൾ. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. തെലങ്കാനയിലെ മോൻഡിഗുട്ടയിൽ വച്ചാണ് അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ദേശീയ പാതയിൽ തലകീഴായി മറിഞ്ഞത്. ബീഹാറിലെ പട്നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കായിരുന്നു മൃഗങ്ങളെ മാറ്റിയിരുന്നത്. 

അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമ്മൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. ദേശീയ പാത 44ആയിരുന്നു അപകടമുണ്ടായത്. എട്ട് മുതലകളായിരുന്നു ലോറിയിലെ കൂടിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് മുതലകളാണ് സമീപ മേഖലകളിലേക്ക് രക്ഷപ്പെട്ടത്.  കടുവകൾ അടക്കമുള്ള മറ്റ് മൃഗങ്ങൾ കൂടിന് പരിക്കേൽക്കാത്തതിനാൽ മറിഞ്ഞ ലോറിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തിലാക്കി ബെംഗളൂരുവിലെ ബന്നർഘട്ട നാഷണൽ പാർക്കിലേക്ക് അയച്ചു. പട്നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് മൃഗങ്ങളുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പശ്ചിമ ബംഗാളിലെ സാങ്ക്പൂർ സ്വദേശിയായ 51കാരൻ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകടമുണ്ടായതിന് പിന്നിലെന്നാണ് നിർമ്മൽ പൊലീസ് സൂപ്രണ്ട്  ജാനകി ശർമ്മിള ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. രണ്ട് ലോറികളിലും ഒരു എസ് യുവിയും അടങ്ങുന്ന വാഹന വ്യൂഹത്തിലായിരുന്നു മൃഗങ്ങളെ കർണാടകയിലേക്ക് കൊണ്ടുവന്നിരുന്നത്. ഏറെ ദൂരം സഹായി പോലുമില്ലാതെ ഓടിക്കേണ്ടി വന്നതാൽ ഏറെ ക്ഷീണിതനായിരുന്നുവെന്നും അതാണ് അപകടമുണ്ടായതിന് കാരണമെന്നുമാണ് ഇയാൾ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios