Asianet News MalayalamAsianet News Malayalam

ഒരിന്ത്യൻ പ്രദേശത്തെയും പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജി

തുറന്ന കോടതിയിൽ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ മറ്റ് നടപടികൾ വേണ്ടെന്നും സുപ്രീംകോടതി തീരുമാനിച്ചു

You cannot call any part of India as Pakistan Supreme Court about Karnataka HC Judge comment
Author
First Published Sep 25, 2024, 12:12 PM IST | Last Updated Sep 25, 2024, 12:16 PM IST

ദില്ലി: കർണാടക ഹൈക്കോടതി ജഡ്ജിയുടെ പാകിസ്ഥാൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും നിങ്ങൾക്ക് പാകിസ്ഥാൻ എന്ന് വിളിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാൽ പറഞ്ഞു. അടിസ്ഥാനപരമായി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് എതിരായതും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ ജഡ്ജിമാർ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. തുറന്ന കോടതിയിൽ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ മറ്റ് നടപടികൾ വേണ്ടെന്നും സുപ്രീംകോടതി തീരുമാനിച്ചു. 

ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്ഥാൻ എന്ന് വിളിക്കുകയും ഒരു അഭിഭാഷകയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആർ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജഡ്ജിയുടെ പരാമർശത്തെ കുറിച്ച് കർണാടക ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയത്. 

"മൈസൂരു റോഡിലെ മേൽപ്പാലത്തിൽ പോയാൽ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ എത്തുക ഇന്ത്യയിൽ അല്ല പാകിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാർത്ഥ്യം"- എന്ന് വാദം കേൾക്കുന്നതിനിടെ ജഡ്ജി പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു. മറ്റൊരു സന്ദർഭത്തിൽ അഭിഭാഷകയോട് ഒരു വാദത്തിനിടെ ഇതേ ജഡ്ജി പറഞ്ഞത് ഇങ്ങനെയാണ്- എതിർകക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്‍റെ നിറം പോലും വെളിപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നു". ഈ രണ്ട് പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ജഡ്ജിമാർ പരാമർശങ്ങൾ നടത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിനെതിരായതോ സ്ത്രീവിരുദ്ധമായതോ ആയ പരാമർശങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബെഞ്ച് നിർദേശം നൽകി. ജസ്റ്റിസ് ശ്രീശാനന്ദയുടെ നിരീക്ഷണങ്ങൾ വിഷയവുമായി ബന്ധമില്ലാത്തതാണെന്ന് കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞു.

ട്രെയിൻ അട്ടിമറി നീക്കത്തിൽ ട്വിസ്റ്റ്; 3 റെയിൽവെ ജീവനക്കാർ പിടിയിൽ, ചെയ്തത് കയ്യടിക്കും നൈറ്റ് ഷിഫ്റ്റിനുമായി  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios