രാജ്യത്ത് കൊവിഡ് കണക്ക് 15000 ത്തിന് താഴെ; പ്രതിരോധശേഷി കുറഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: ഡബ്ല്യുഎച്ച്ഒ
ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14313 പേർക്കാണ്. 224 ദിവസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ദില്ലി: രാജ്യത്തിന് ആശ്വാസമായി കൊവിഡ് (covid 19) കണക്ക്. എട്ട് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് കണക്ക് പതിനയ്യായിരത്തിന് താഴെയെത്തി. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കും കൈവരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14313 പേർക്കാണ്. 224 ദിവസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 95 കോടിലധികം ഡോസ് വാക്സീൻ ഇതുവരെ വിതരണം ചെയ്തു.
ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്സീന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നു. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്സീനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദേശം. മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങേണ്ടതുള്ളു എന്നും ഈ നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.