ആളിക്കത്തിയ പ്രതിഷേധത്തിന് പിന്നാലെ റോഡുകള്‍ വൃത്തിയാക്കി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ റോഡുകള്‍ വൃത്തിയാക്കി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും.
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ക്യാമ്പസ്സിലേക്കുള്ള റോഡുകള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും. പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്ക് ശേഷം റോഡുകളില്‍ മാലിന്യങ്ങള്‍ അവശേഷിച്ചത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട സംഘമാണ് റോഡ് ശുചീകരണത്തിനായി മുമ്പോട്ടുവന്നത്. റോഡ് വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ട്വിറ്ററിലും ഫേസ്ബുക്കിലും വീഡിയോ പങ്കുവെച്ചിരുന്നു. റോഡരികിലെ പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികളെ വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി മാതൃകയാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നതുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.