മദ്ധ്യവയസ്കരായ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടു, റെയിൽവെ ഉദ്യോഗം മുതൽ ഇൻകം ടാക്സ് ജോലി വരെ അഭിനയിച്ച് തട്ടിപ്പ്
വാഹനാപകടത്തിൽ ഭർത്താവ് മരിച്ച ഒരു സ്ത്രീയെ കബളിപ്പിച്ച സംഭവത്തിലാണ് ഇയാൾ കുടുങ്ങിയത്. ഈ സ്ത്രീ ഇയാളുടെ മറ്റ് ബന്ധങ്ങൾ മനസിലാക്കുകയായിരുന്നു.
ഭുവനേശ്വർ: മദ്ധ്യവയസ്കരായ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത സംഭവത്തിൽ ഒടുവിൽ പ്രതി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുള്ള ഒഡിഷ സ്വദേശി ബിരാൻചി നാരായൺ നാഥാണ് കുടുങ്ങിയത്. മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു ഇയാൾ കെണിയിൽ വീഴ്ത്താനുള്ള ആളുകളെ കണ്ടെത്തിയിരുന്നത്.
റെയിൽവെ ഉദ്യോഗസ്ഥനായും ഇൻകം ടാക്സ് ഇൻസ്പെക്ടറായും കസ്റ്റംസ് ഓഫീസറായും ഒക്കെ പരിചയപ്പെടുത്തി മാട്കിമോണിയൽ സൈറ്റുകളിൽ ഇയാൾ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നു. അവിവാഹിതരും, വിവാഹമോചിതരും, വിധവകളുമായ സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. വെബ്സൈറ്റിലൂടെ പരിചയപ്പെടുന്നവരുമായി പിന്നീട് നീണ്ട സംസാരം തുടങ്ങും. അതിന് ശേഷം അവരുടെ വീട്ടിലെത്തി നേരിട്ട് കാണും.
മദ്ധ്യവയസ്കരായ സ്ത്രീകളെ വൈകാരികമായി സ്വാധീനിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. ജീവിതകാലം മുഴുവൻ താൻ കൂടെയുണ്ടാകുമെന്നും മക്കളെ സംരക്ഷിക്കുമെന്നും വാഗ്ദാനം നൽകുകയും, വിവാഹ ശേഷം ജോലി സംഘടിപ്പിച്ച് നൽകാൻ സാധിക്കുമെന്നുമൊക്കെ ഇയാൾ പറഞ്ഞിരുന്നു. നിരവധി സ്ത്രീകളുമായി പല ക്ഷേത്രങ്ങളിൽ വെച്ച് വിവാഹ ചടങ്ങുകൾ നടത്തിയിട്ടുണ്ട്.
വിവാഹശേഷം സ്ത്രീകളുടെ വീടുകളിലാണ് താമസിച്ചത്. ആരെയും ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു. ഒഡിഷയ്ക്ക് പുറമെ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
കട്ടക് സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇപ്പോൾ ഇയാൾ പിടിയിലായത്. ഇവരുടെ ഭർത്താവ് 2022ൽ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. രണ്ട് പെൺമക്കളെയുമായി തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റിലൂടെ സമീപിച്ചത്. പിന്നീട് അഞ്ച് ലക്ഷം രൂപയും 32 ഗ്രാം സ്വർണവും അപഹരിച്ചു. ഈ സ്ത്രീയാണ് ഇയാളുടെ മറ്റ് ബന്ധങ്ങൾ കണ്ടെത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം