എയർപോർട്ടിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് ജീവനക്കാരി; അസഭ്യം പറ‌ഞ്ഞതാണ് കാരണമെന്ന് വിമാനക്കമ്പനി

വിമാനക്കമ്പനി ജീവനക്കാരിയോട് 'ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കാണാൻ' സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പറ‌ഞ്ഞതായി കമ്പനി വക്താവ്

Spicejet employee slapped CISF official inside airport alleging abusing words from him

ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ സ്‍പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന സംബന്ധിച്ചുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

മറ്റ് ജീവനക്കാർക്കൊപ്പം എത്തിയ ജീവനക്കാരിയുടെ കൈവശം ആ ഗേറ്റിലൂടെ വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള പാസ് ഇല്ലായിരുന്നുവെന്നാണ് സിഐഎസ്എഫ് ജീവനക്കാരുടെ വാദം. തുടർന്ന് മറ്റൊരു ഗേറ്റിലൂടെ പോയി വിമാനക്കമ്പനി ജീവനക്കാർക്കുള്ള പരിശോധനയ്ക്ക് വിധേയയാകാൻ പറ‌ഞ്ഞു. എന്നാൽ ഈ ഗേറ്റിൽ വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ഈ സമയം സിഐഎസ്എഫ് എ.എസ്.ഐ ഒരു വനിതാ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി. എന്നാൽ അതിനോടകം യുവതിയും എ.എസ്.ഐയും തമ്മിൽ തർക്കമുണ്ടാവുകയും ജീവനക്കാരി മുഖത്ത് അടിക്കുകയും ചെയ്തതുവെന്നാണ് സിഐഎസ്എഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത്.

എന്നാൽ ജീവനക്കാരിക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നൽകിയ പാസ് ഉണ്ടായിരുന്നെന്ന് സ്‍പൈസ്ജെറ്റ് വക്താവ് പറ‌ഞ്ഞു. ജീവനക്കാരിയോട് സിഐഎസ്എഫുകാരൻ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കാണാൻ ഉൾപ്പെടെ പറഞ്ഞുവെന്നും ഇക്കാര്യത്തിൽ കമ്പനി ശക്തമായ നടപടി സ്വീകരിക്കുമെന്നും ജീവനക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്നും സ്‍പൈസ്ജെറ്റ് വക്താവ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios