Asianet News MalayalamAsianet News Malayalam

​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ 2 എല്ലുകൾ; ഫോറൻസികിന് കൈമാറി, 2 പേർ ഇപ്പോഴും കാണാമറയത്ത്

എന്നാൽ അത് മനുഷ്യന്റേതായിരുന്നില്ല, പശുവിന്റേതായിരുന്നു. ഡൈവർമാർ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് എല്ലുകൾ കണ്ടെത്തിയത്. അർജുന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും കാണാതായ മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക അറിയിച്ചിരുന്നു. 
 

shirur landsliding Two bones were found Handed over to Forensic
Author
First Published Sep 30, 2024, 6:07 PM IST | Last Updated Sep 30, 2024, 6:30 PM IST

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ രണ്ട് എല്ലുകൾ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാൻ എല്ല് ഫോറൻസിക് സർജന് കൈമാറിയിരിക്കുകയാണ്. നേരത്തെയും ഇവിടെ നിന്ന് മൃഗത്തിന്റെ എല്ലിന്റെ ഭാഗം കിട്ടിയിരുന്നു. എന്നാൽ അത് മനുഷ്യന്റേതായിരുന്നില്ല, പശുവിന്റേതായിരുന്നു. ഡൈവർമാർ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് എല്ലുകൾ കണ്ടെത്തിയത്. അർജുന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും കാണാതായ മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക അറിയിച്ചിരുന്നു. 

ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി പിന്നീട് കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. കേരളത്തിന്‍റെ ആകെ നൊമ്പരമായാണ് അർജുൻ മടങ്ങിയത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കിൽ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിക്കാനെത്തി.  

അതിനിടെ, അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. 

ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായെന്ന വാർത്ത ആദ്യമായി പുറത്ത് വന്നത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു. 

ആലപ്പുഴയിലും മഞ്ചേരിയിലുമായി രണ്ടുപേരെ പിടികൂടി എക്സൈസ്; ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് മയക്കുമരുന്ന്

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios