Asianet News MalayalamAsianet News Malayalam

ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയത് കാനഡയിലെ ഖാലിസ്ഥാനികൾ: എൻഐഎ സുപ്രീം കോടതിയിൽ

2020 ഒക്ടോബറിലാണ് ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധു കൊല്ലപ്പെട്ടത്. 

Shaurya Chakra winner Balwinder Singh Sandhu killed by Canada Khalistanis NIA in Supreme Court
Author
First Published Oct 16, 2024, 7:45 PM IST | Last Updated Oct 16, 2024, 7:45 PM IST

ദില്ലി: പഞ്ചാബിൽ ശൗര്യചക്ര ജേതാവായ ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുപ്രീം കോടതിയിൽ എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് എൻഐഎ രം​ഗത്തെത്തിയിരിക്കുന്നത്. 

പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ വെച്ച് 2020 ഒക്ടോബറിലാണ് അധ്യാപകനായിരുന്ന ബൽവീന്ദർ സിംഗ് സന്ധു കൊല്ലപ്പെട്ടത്. വീടിന് പുറത്ത് വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. സണ്ണി ടൊറൻ്റോ എന്ന സുഖ്മീത് പാൽ സിംഗ്, ലഖ്വീർ സിംഗ് എന്നിവർ ചേർന്നാണ് സന്ധുവിനെ കൊലപ്പെടുത്തിയതെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ പറയുന്നു. ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവനാണ് ലഖ്വീർ സിംഗ് എന്നും സണ്ണി ടൊറൻ്റോ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് പ്രവർത്തകനാണെന്നുമാണ് റിപ്പോർട്ട്. 

അതേസമയം, 2023 ജൂണിലാണ് കാനഡയിലെ ഖാലിസ്ഥാൻ നേതാവായിരുന്ന ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. ഈ സംഭവവുമായി ഇന്ത്യാ ​ഗവൺമെന്റിന് ബന്ധമുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. തുടർന്ന് കനേഡിയൻ നയതന്ത്രജ്ഞരായ ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്ക, പോള ഓർജുവേല എന്നിവരെ പുറത്താക്കിയാണ് ഇന്ത്യ കാനഡയ്ക്ക് മറുപടി നൽകിയത്. 

READ MORE: വീണ്ടും പ്രകോപനം; കനേഡിയൻ ദേശീയ മാധ്യമത്തിലൂടെ ഇന്ത്യയെ വിമർശിച്ച് ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു

Latest Videos
Follow Us:
Download App:
  • android
  • ios