Asianet News MalayalamAsianet News Malayalam

കാണാതായ അഞ്ച് വയസുകാരിക്കായി ആയിരത്തോളം ഫ്ലാറ്റുകളിൽ തെരച്ചിൽ; മദ്ധ്യപ്രദേശിലെ അന്വേഷണത്തിന് ദുരന്തപര്യവസാനം

ആയിരത്തോളം വീടുകളിലെ വാഷിങ് മെഷീനുകൾ വരെ തുറന്ന് പരിശോധിച്ചെന്നാണ് പൊലീസുകാർ പറയുന്നത്. എന്നാൽ തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് പോലും തുറക്കാൻ സാധിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

search for missing child spread to more than 1000 houses including washing machines there in MP
Author
First Published Sep 26, 2024, 11:09 PM IST | Last Updated Sep 26, 2024, 11:09 PM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തി. കുട്ടിയ്ക്ക് വേണ്ടി വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നിരവധി ദൂരൂഹതകൾ ഉയരുന്നുണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉടലെടുത്തു. 

മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കാണാതായിരുന്നത്. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നൂറോളം പൊലീസുകാർ തെരച്ചിലിൽ പങ്കെടുത്തിരുന്നു. പൊലീസ് നായകളെയും ഡ്രോണുകളെയും കൊണ്ടുവരികയും ചെയ്തിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്തിനടുത്തുള്ള ആയിരത്തോളം ഫ്ലാറ്റുകളിൽ പൊലീസുകാർ കയറിയിറങ്ങി പരിശോധിച്ചെന്നാണ് അധികൃതർ അറിയിച്ചത്. വീടുകളിലെ വാഷിങ് മെഷീനുകൾ വരെ തുറന്നു പരിശോധിച്ചു.

അതേസമയം വലിയ അന്വേഷണം നടത്തിയിട്ടും പൊലീസിന് കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തത് ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്. കുട്ടി താമസിച്ചിരുന്ന വീടിന് നേരെ എതിർവശത്തുള്ള ഫ്ളാറ്റ് തുറക്കാൻ പൊലീസുകാർക്ക് സാധിച്ചില്ലെന്നും ഇവിടെ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. കുട്ടിയെ  കണ്ടെത്തിയ വാട്ടർ ടാങ്ക് തൊട്ടടുത്തായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 

എന്നാൽ സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ആഭിചാരം, വ്യക്തിവിരോധം എന്നിവയും ലൈംഗിക പീഡനം ഉൾപ്പെടെ സംഭവിച്ചിരിക്കാൻ സാധ്യതയുള്ള മറ്റ് കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം പ്രതിഷേധിക്കുന്ന ജനങ്ങൾ പ്രദേശത്തെ റോ‍ഡുകൾ തടഞ്ഞു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് അവർ വാദിക്കുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഈ വിഷയത്തിൽ ഉയരുന്നതെന്ന് പ്രതിപക്ഷമായ കോൺഗ്രസും ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios