സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കാൽപാദ ചിത്രങ്ങൾ വിൽപ്പനക്ക്, വിലകേട്ട് ഞെട്ടരുത്, വിമർശനവുമായി സോഷ്യൽമീഡിയ
ഇഷ ഫൗണ്ടേഷന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ജഗ്ഗിയുടെ കാൽപാദങ്ങൾ വിറ്റ് പണമുണ്ടാക്കേണ്ട അവസ്ഥയിലായോ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്ന് ഒരാൾ പരിഹസിച്ചു.
ചെന്നൈ: ഇഷ ഫൗണ്ടേഷൻ മേധാവി സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ കാൽപാദങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്നതായി ഓൺലൈൻ പ്രചരിക്കുന്നു. ഇഷ ഫൗണ്ടേഷൻ്റെ വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഓൺലൈനിൽ വൈറലായിരിക്കുന്നത്. ജഗ്ഗി വാസുദേവിന്റെ പാദങ്ങളുടെ ചിത്രങ്ങൾ 3,200 രൂപയ്ക്ക് വിറ്റതായാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. സദ്ഗുരു പദം എന്നാണ് ചിത്രത്തിന്റെ പേര്. 'ഗുരുവിൻ്റെ പാദങ്ങൾ ബഹുമാനിക്കപ്പെടുന്നു, ഗുരുവിന്റെ ഊജം ലഭിക്കാനുള്ള മാർഗമാണ് കാലുകൾ. ഗുരുവിൻ്റെ പാദങ്ങൾ വണങ്ങുന്ന പ്രവൃത്തി സാമീപ്യത്തെ വർധിപ്പിക്കുകയും ഗുരുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു' -എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ വിൽക്കുന്നത്.
17.5" x 12.5 തടിയിൽ ഫ്രെയിം ചെയ്ത ഫോട്ടോയാണ് വിൽക്കുന്നതെന്നും പറയുന്നു. വിവിധ സോഷ്യൽമീഡിയകളിൽ ഇഷ ഫൗണ്ടേഷന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ജഗ്ഗിയുടെ കാൽപാദങ്ങൾ വിറ്റ് പണമുണ്ടാക്കേണ്ട അവസ്ഥയിലായോ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്ന് ഒരാൾ പരിഹസിച്ചു.
അതേസമയം, സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് നടപടി. രണ്ട് പെൺമക്കൾ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് പരിശോധന നടക്കുന്നത്.
കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനോട് പ്രസക്തമായ ചോദ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. സ്വന്തം മകൾക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷന്‍റെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇന്നലെ ചോദ്യം ഉന്നയിച്ചത്. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു.