കരുണാനിധി ജന്മശതാബ്ദി, നാണയം പുറത്തിറക്കാൻ രാജ്നാഥ് സിങ് വരും; എന്തുകൊണ്ട് രാഹുലിനെ വിളിച്ചില്ലെന്ന് എഐഎഡിഎംകെ
ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് കരുണാനിധി സ്മാരകത്തിലെത്തുന്നത്. രാജ്‌നാഥ് സിംഗിന്റെ വരവോടെ, ഡിഎംകെ - ബിജെപി രഹസ്യ ബന്ധം പുറത്തായെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു
ചെന്നൈ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ചെന്നൈയിലെ കരുണാനിധി സ്മാരകം സന്ദർശിക്കും. കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് രാജ്നാഥ് സിംഗ് ചെന്നൈയിൽ എത്തുന്നത്. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് കരുണാനിധി സ്മാരകത്തിലെത്തുന്നത്.
കരുണാനിധിയെ ആദരിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് ഡിഎംകെ പ്രമേയം പാസാക്കിയിരുന്നു. അതേസമയം രാജ്‌നാഥ് സിംഗിന്റെ വരവോടെ, ഡിഎംകെ - ബിജെപി രഹസ്യ ബന്ധം പുറത്തായെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. കരുണാനിധി സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധിയെ എന്തുകൊണ്ടു ക്ഷണിച്ചില്ല എന്നാണ് അണ്ണാ ഡിഎംകെയുടെ ചോദ്യം. കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അണ്ണാഡിഎംകെ അറിയിച്ചു. ഗവർണർ ആർ എൻ രവിയുടെ വിരുന്നിൽ മുഖ്യമന്ത്രി സ്റ്റാലിനും 8 മന്ത്രിമാരും പങ്കെടുത്തതും ദുരൂഹമാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി ജയകുമാർ പറഞ്ഞു.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ കെ കരുണാനിധിയെ ആദരിക്കുകയാണ് കേന്ദ്രം. ജന്മശതാബ്‌ദി വര്‍ഷത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കുന്നത്.
അതേസമയം, ബജറ്റിലും ഫണ്ട് വിനിയോഗത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിച്ചെന്ന് ഡിഎംകെയും എഐഎഡിഎംകെയും ആരോപിച്ചു. സംസ്ഥാനത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ മതിയായ ഫണ്ട് അനുവദിക്കുന്നതിനോ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലെ പ്രമേയത്തിൽ വിമർശിച്ചു. എഐഎഡിഎംകെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലും കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ട്. റെയിൽവേ പദ്ധതികൾക്കുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിലൂടെ കേന്ദ്രം തമിഴരെ വഞ്ചിച്ചുവെന്ന് ഡിഎംകെ എംപി ടി ആർ ബാലു പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം