നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു; വിമർശനവുമായി രാഹുൽ

നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു.

Rahul Gandhi attacks PM Modi over latest Hindenburg charge

ദില്ലി: ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍, എന്തുകൊണ്ട് സെബി ചെയർപേഴ്സൺ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്നും പ്രധാനമന്ത്രിയോ, മാധബിയോ, അംബാനിയോ പുതിയ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു.

സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. വിദേശ ശക്തികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.  

എന്നാല്‍, ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തല്‍ അദാനി ഗ്രൂപ്പും, മാധബി ബുച്ചും തള്ളി. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. തെളിവില്ലാത്ത ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുകയാണെന്നും മാധബി ബുച്ചുമായി ബിസിനസ് ഇടപാടിലെന്നും അദാനി കമ്പനിയും വിശദീകരിച്ചു. ഹിൻഡൻ ബർഗ് ആക്ഷേപം തള്ളി സെബിയും രംഗത്തെത്തി. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. 24 ആക്ഷേപങ്ങളിൽ ഇരുപത്തിമൂന്നും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു. ചെയർപേഴ്സൺ മാധബി പുരി ബുച്ചി അവർക്കെതിരായ ആക്ഷേപം നിഷേധിച്ച് കഴിഞ്ഞെന്നും സെബി കൂട്ടിച്ചേര്‍ത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios