Russia Ukraine crisis : യുക്രൈനിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

കിഴക്കന്‍ യുക്രൈവനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചത്.

pm narendra modi  called a high level meeting about ukraine rescue

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ (Ukraine) നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിളിച്ച ഉന്നത തല യോഗം ദില്ലിയില്‍ തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ റഷ്യ ശ്രമം തുടങ്ങിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ യുക്രൈവനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചത്. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിനായി സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാല്‍ വിമാനങ്ങള്‍ പുറപ്പെടും. ഇതിനിടെ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖലവഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്ന് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഉക്രൈന്‍ നഗരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാര്‍.കിഴക്കന്‍  യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ  പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു.

ആധിപത്യം ഉറപ്പിച്ച് റഷ്യൻ പട

യുക്രൈനില്‍ ഇന്നും യുദ്ധം തുടരുകയാണ്. തലസ്ഥാന നഗരമായ കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീരനഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈന്‍ നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന്   യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് യുക്രൈന്‍ അദ്ദേഹം പറഞ്ഞു. 

യുക്രൈന്റെ കരിങ്കടല്‍, അസോവ കടല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയാണ് റഷ്യ ഇപ്പോള്‍ ചെയ്യുന്നത്. ഒഡേസ കൂടി വീണാല്‍ കരിങ്കടല്‍ യുക്രൈന് മുന്നില്‍ അടഞ്ഞ് കടല്‍ത്തീരമില്ലാത്ത രാജ്യമാകും യുക്രൈന്‍. യുക്രൈന് മാത്രമല്ല, നാറ്റോയ്ക്കും ചിന്തിക്കാവുന്നതിനപ്പുരമാണ് റൊമാനിയന്‍ തീരം വരെ കരിങ്കടലിലും അസോവിലും റഷ്യന്‍ ആധിപത്യം. ഇത് മുന്‍കൂട്ടിക്കണ്ട് കരിങ്കടലില്‍ റഷ്യന്‍ പടക്കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് തുര്‍ക്കിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios