'ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള പുതിയ ഹർജികൾ പരിഗണിക്കരുത്'; കീഴ്ക്കോടതികൾക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം
നിലവിലുള്ള ഹര്‍ജികളിൽ വാദം കേൾക്കുന്നത് വരെ സർവേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്ക്കോടതികള്‍ നല്‍കരുത്. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ലെന്നും നിര്‍ദേശം.
ദില്ലി: ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള ഒരു പുതിയ ഹർജിയും പരിഗണിക്കരുതെന്ന് കീഴ്ക്കോടതികൾക്ക് നിർദ്ദേശം നല്‍കി സുപ്രീംകോടതി. നിലവിലെ ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് വരെ സർവേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്ക്കോടതികള്‍ നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സംഭൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
ഗ്യാൻവാപിക്ക് പിന്നാലെ കൂടുതൽ പള്ളികളിൽ സർവേ നടത്താനുള്ള കീഴ്ക്കോടതി ഉത്തരവുകൾ സംഭലിലടക്കം വലിയ സംഘർഷത്തിന് വഴിവെച്ചിരുന്നു. ആരാധനാലയങ്ങളുടെ 1947ലെ സ്വഭാവം മാറ്റരുതെന്ന് നിർദ്ദേശിക്കുന്ന നിയമത്തനെതിരായ ഹർജി നേരത്തെ സുപ്രീംകോടതിയിലെത്തിയിരുന്നു. നിയമം നിലനില്‍ക്കെ കീഴ്ക്കോടതികൾ സർവ്വേകൾക്ക് ഉത്തരവിടുന്നത് തടയണമെന്ന ആവശ്യവും ഇന്ന് കോടതി ഇതിനൊപ്പം പരിഗണിച്ചു. രണ്ട് കാര്യങ്ങളിലും വിശദ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
കേന്ദ്രസർക്കാർ ഹർജികളിൽ നാലാഴ്ചയ്കക്കകം മറുപടി നല്കണം. ഇനി ഒരുത്തരവുണ്ടാകുന്നത് വരെ ഒരു ആരാധാനലയത്തിൻ്റെ കാര്യത്തിലും കീഴ്ക്കോടതികൾ പുതിയ ഹർജികൾ പരിഗണിക്കരുത്. ഒരിടത്തും സർവ്വേ അടക്കമുള്ള കാര്യങ്ങൾക്ക് നിർദ്ദേശം നല്കരുതെന്ന് ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവിൽ പറയുന്നു. നാല് പ്രധാന ആരാധനലയങ്ങളുടേത് ഉൾപ്പെടെ 18 അപേക്ഷകൾ കീഴ്ക്കോടതികളിലുണ്ടെന്ന് ഒരു വിഭാഗം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബിജെപി നേതാവ് ആശ്വനി കുമാർ ഉപാധ്യയയ ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ. ഹര്‍ജികള്‍ക്കെതിരെ കക്ഷി ചേരാന്‍ മുസ്സീം ലീഗും സമസ്തയും അപേക്ഷ നല്‍കിയിട്ടുണ്ട്. ആരാധനാലയ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുന്നതാണെന്നാണ് ലീഗ് വാദിക്കുന്നത്. നിയമം റദ്ദാക്കിയാല്‍ രാജ്യത്തെ മതേതരത്വം തകരുന്നതിന് കാരണമാകുമെന്ന് സമസ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ ഒഴികെയുള്ള ആരാധാനാലയങ്ങളുടെ 1947ലെ സ്വഭാവം അതേപടി നിലനിറുത്താനുള്ള വ്യവസ്ഥയാണ് നരസിംഹറാവു സർക്കാർ കൊണ്ടുവന്ന നിയമത്തിലുള്ളത്. നിയമം നിലനിൽക്കേ കീഴ്ക്കോടതികൾ ആരോധനാലയങ്ങളുടെ സർവ്വെയ്ക്കുള്ള ഹർജികൾ പരിഗണിക്കുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി വാദം നിശ്ചയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം