മദ്യപിച്ച് ബസിൽ കയറിയ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചു; 9 പേരെ ഇടിച്ചിട്ടു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
ബസിൽ കയറിയതു മുതൽ തർക്കം തുടങ്ങിയ ഒരു യാത്രക്കാരൻ ഒരുവേള എഴുന്നേറ്റ് ചെന്ന് പെട്ടെന്ന് സ്റ്റിയറിങ് വീൽ പിടിച്ചുതിരിക്കുകയായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചത്.
മുംബൈ: മദ്യപിച്ച് ബസിൽ കയറിയ യാത്രക്കാരൻ സ്റ്റിയറിങ് വീൽ പിടിച്ചുതിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഒൻപത് കാൽനട യാത്രക്കാരെ ഇടിച്ചിട്ടു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലാണ് സംഭവം. കാൽനട യാത്രക്കാർക്ക് പുറമെ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമെല്ലാം ബസ് ഇടിച്ചു.
ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട് കമ്പനിയുടെ (ബെസ്റ്റ്) കീഴിലുള്ള ഇലക്ട്രിക് ബസാണ് ലാൽബൗഗിന് സമീപം അപകടത്തിൽ പെട്ടത്. മദ്യപിച്ച് ബസിൽ കയറിയ ഒരാൾ ഡ്രൈവറുമായി തർക്കിക്കുകയായിരുന്നു. റൂട്ട് നമ്പർ 66ൽ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവമുണ്ടായതെന്ന് കാലാചൗകി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തർക്കത്തിനിടെ ബസ് ഗണേഷ് ടാക്കീസിന് സമീപം എത്തിയപ്പോൾ പെട്ടെന്ന് എഴുന്നേറ്റ് ഇയാൾ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുതിരിക്കുകയായിരുന്നു.
അപ്രതീക്ഷിത നീക്കത്തിൽ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന രണ്ട് ബൈക്കുകളെയും ഒരു കാറിനെയും ഇടിച്ചു. നിരവധി കാൽനട യാത്രക്കാരെയും വാഹനം ഇടിച്ചു. ഇവരിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു. യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം