വിമാനത്തിൽ വെച്ച് വെള്ളം കൊടുത്തിട്ട് കുടിച്ചില്ല, ഭക്ഷണവും വേണ്ട; ജീവനക്കാരുടെ സംശയം യാത്രക്കാരനെ കുടുക്കി
അഞ്ചര മണിക്കൂർ നീണ്ട വിമാന യാത്രയ്ക്കിടെ ജീവനക്കാർ പല തവണ ലഘു ഭക്ഷണവും വെള്ളവുമൊക്കെ കൊടുക്കാൻ ശ്രമിച്ചെങ്കിലും എല്ലാം നിഷേധിച്ചതോടെയാണ് സംശയം തോന്നിയത്.
ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും തയ്യാറാവാത്ത യാത്രക്കാരനെ കുറിച്ചുള്ള സംശയം ഒടുവിൽ കലാശിച്ചത് അയാളുടെ അറസ്റ്റിൽ. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എ.ഐ 992, എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ യാത്രക്കാരനാണ് പിന്നാലെ നടന്ന പരിശോധനകൾക്കും ചോദ്യം ചെയ്യലിനും ഒടുവിൽ അറസ്റ്റിലായത്.
അഞ്ചര മണിക്കൂർ നീണ്ട വിമാന യാത്രയ്ക്കിടെ ജീവനക്കാർ യാത്രക്കാരന് വെള്ളവും മറ്റ് ലഘു ഭക്ഷണങ്ങളും നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. ആദ്യം വെള്ളം നൽകിയപ്പോൾ വാങ്ങിയില്ലെങ്കിലും അസ്വഭാവികത തോന്നിയില്ല. എന്നാൽ പിന്നീട് നൽകിയ ഒരു ഭക്ഷണ സാധനവും പാനീയങ്ങളും ഇയാൾ വാങ്ങാൻ തയ്യാറാവാതെ വന്നതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. അവർ വിവരം ക്യാപ്റ്റനെ അറിയിച്ചു. അദ്ദേഹം എയർ ട്രാഫിക് കൺട്രോൾ മുഖേനെ സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറി. അസ്വഭാവികമായി പെരുമാറുന്ന ഒരു യാത്രക്കാരൻ വിമാനത്തിലുണ്ടെന്ന വിവരമാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചത്.
ഡൽഹി വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ശേഷം യാത്രക്കാർ ഓരോരുത്തരായി പുറത്തിറങ്ങിയപ്പോൾ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേകം നിരീക്ഷിച്ചു. കസ്റ്റംസ് പരിശോധനകൾ ഗ്രീൻ ചാനലിലൂടെ വേഗം പൂർത്തിയാക്കി പുറത്തിറങ്ങാനാണ് ശ്രമമെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ അവസാനം സത്യം പുറത്തുവന്നു. ഏതാണ്ട് ഒരു കിലോഗ്രാമിലധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിട്ടുണ്ട്.
പരിശോധനയിൽ 69 ലക്ഷത്തിലധികം രൂപ വില വരുന്ന 1096.76 ഗ്രാം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് കണ്ടെത്തി. നാല് ക്യാപ്സ്യൂളുകളാക്കിയായിരുന്നു ഇത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്. സ്വർണം പുറത്തെടുത്ത ശേഷം കസ്റ്റംസ് നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തതായി ജോയിന്റ് കമ്മീഷണർ മോണിക്ക യാദവ് അറിയിച്ചു. എന്തായാലും ഈ സംഭവത്തിന് ശേഷം, ഭക്ഷണവും വെള്ളവും നിഷേധിക്കുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ ജിവനക്കാർക്ക് നിർദേശം നൽകിയിരിക്കുകയാണ് കസ്റ്റംസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം