Omicron India: രാജ്യത്ത് രോഗബാധിതർ 2500 കടന്നു; കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത്
ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്.
ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ (Omicron) ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് (Covid) ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കൊവിഡ്കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുമ്പോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.
പുതുതായി ഉണ്ടായ 50 ശതമാനം കേസുകൾക്കും പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒമിക്രോൺ കൂടുതലായി വ്യാപിക്കുന്നത് നഗരങ്ങളിലാണ്. ''സമാനമായ കേസ് വർദ്ധനയാണ് ലോകത്തെ പല നഗരങ്ങളിലും കാണാനാകുന്നത്. ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണ്'', ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് എൻ കെ അറോറ പറഞ്ഞു.
Read Also: കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴ് ദിവസം മാത്രം, പുതിയ മാർഗരേഖ പുറത്തുവിട്ട് കേന്ദ്രം