പാതി വഴിയിൽ പ്രവർത്തനം നിലച്ചു, കറങ്ങും കസേരയിൽ തലകീഴായി മണിക്കൂറുകൾ കുടുങ്ങി സാഹസിക പ്രിയർ
പാതിവഴിയിൽ പണിമുടക്കി സോൾ സ്പിൻ എന്ന റൈഡ്. എയറിൽ കുടുങ്ങിയ നിലയിൽ സാഹസിക പ്രിയർ. മണിക്കൂറുകളുടെ ആശങ്കയ്ക്കൊടുവിൽ രക്ഷാപ്രവർത്തനം
കാലിഫോർണിയ: യന്ത്രത്തകരാറിനെ തുടർന്ന് അമ്യൂസ്മെന്റ് പാർക്കിലെ കറങ്ങും കസേര പാതിവഴിയിൽ നിലച്ചു. തലകീഴായി തൂങ്ങിക്കിടന്ന് 20ലേറെ പേർ. തെക്കൻ കാലിഫോർണിയയിലാണ് സംഭവം. തിങ്കഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പാതിവഴിയിലെത്തിയ കറങ്ങും കസേര പെട്ടന്ന് പ്രവർത്തനം നിലച്ച് നിൽക്കുകയായിരുന്നു. ഇരുപതിലേറെ ആളുകൾ റൈഡിൽ ഉള്ള സമയത്തായിരുന്നു അപകടം.
കാലിഫോർണിയയിലെ ബ്യൂണപാർക്കിലെ നോട്ട്സ് ബെറി ഫാം എന്ന അമ്യൂസ്മെന്റ് പാർക്കിലാണ് റൈഡ് പാതിവഴിയിൽ നിലച്ചത്. സോൾ സ്പിൻ എന്ന റൈഡിൽ ആളുകളെ മൂന്ന് ദിശകളിലേക്ക് ഒരേ സമയം കറക്കുകയാണ് ചെയ്യുന്നത്. തലകീഴായും ചെരിഞ്ഞുമായി സാഹസിക പ്രേമികൾ എയറിൽ കുടുങ്ങിയത് രണ്ട് മണിക്കൂറോളമാണ്. ഉച്ച കഴിഞ്ഞ് 2 മണിയോടെ റൈഡിൽ കയറിയവരെ തിരിച്ചിറക്കാനായത് വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു. നിലത്തിറക്കിയ ആളുകളെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഭയന്നും ഇത്രയധികം സമയം തല കീഴായി അടക്കം കിടക്കേണ്ടി വന്നതിന് പിന്നാലെയാണ് റൈഡിൽ കയറിയവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
സോൾ സ്പിൻ പ്രവർത്തനം നിലയ്ക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല, ഇനി റൈഡ് പ്രവർത്തിക്കുമോയെന്ന കാര്യത്തിലും പാർക്ക് അധികൃതർ പ്രതികരിച്ചിട്ടില്ല. ആറ് നിലകളിലായി കറങ്ങുന്ന കൈകളാണ് സോൾ സ്പിന്നിനുള്ളത്. ഓരോ കൈകളിലും ആറ് കസേരകൾ വീതമാണ് ഉള്ളത്. 360 ഡിഗ്രിയിൽ ഈ കൈകൾ പല ദിശയിൽ കറങ്ങുന്നതാണ് സാഹസിക പ്രിയരെ സോൾ സ്പിന്നിലേക്ക് ആകർഷിക്കുന്നത്. ക്രെയിനുകളുടെ സഹായത്തോടെ ഓരോരുത്തരെയായി നിലത്തിറക്കിയായിരുന്നു തിങ്കളാഴ്ചത്തെ രക്ഷാ പ്രവർത്തനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം