മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ യുവാവ് കണ്ടത് കുഴിച്ചിട്ട നിലയിൽ നവജാത ശിശുവിനെ, ഒരു ദിവസം പ്രായമെന്ന് പൊലീസ്
പൊലീസ് വിശദമാക്കുന്നത് അനുസരിച്ച് ജനിച്ചിട്ട് കഷ്ടിച്ച് ഒരു ദിവസം മാത്രമായ ആൺകുഞ്ഞിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഈ കുഴിയിൽ കഴിയേണ്ടി വന്നതായാണ് വിവരം.
ബെംഗളൂരു: മൂത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ ആൾ കണ്ടത് പാതി മൂടിയ നിലയിൽ പിഞ്ചുകുഞ്ഞിന്റെ കാല്. അമ്പരന്ന് നിൽക്കാതെ ഉടനടി നടത്തിയ പ്രവർത്തിയിൽ രക്ഷപ്പെട്ടത് ഏതാനും മണിക്കൂറുകളായി കുഴിച്ചിട്ട നിലയിൽ കഴിയേണ്ടി വന്ന നവജാത ശിശു. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ സർജാപൂരിൽ ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് വിശദമാക്കുന്നത് അനുസരിച്ച് ജനിച്ചിട്ട് കഷ്ടിച്ച് ഒരു ദിവസം മാത്രമായ ആൺകുഞ്ഞിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഈ കുഴിയിൽ കഴിയേണ്ടി വന്നതായാണ് വിവരം. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച ആളേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല.
സർജാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കത്രിഗുപ്പേ ദിന്നേ ഗ്രാമത്തിലെ ഒരു താമസക്കാരനാണ് കുഞ്ഞിനെ പകുതി കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. വീടിന് അൽപം മാറി തുറസായ സ്ഥലത്ത് മൂത്രമൊഴിക്കാനായി എത്തിയപ്പോഴായിരുന്നു ഇത്. കുട്ടിയെ കുഴിയിൽ നിന്ന് എടുത്ത ഇയാൾ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തലവനാണ് പൊലീസിൽ വിവരം നൽകുന്നത്.
ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചയോ ആണ് കുട്ടിയുണ്ടായതെന്നാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. കുഞ്ഞിനെ മറ്റൊരിടത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിടികൂടപ്പെടുമെന്ന് വന്നപ്പോൾ കുഞ്ഞിനെ കൊണ്ടുവന്നവർ രക്ഷപ്പെട്ടതാവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം