'ഞാൻ സ്വർഗത്തിൽ, അതാസ്വദിക്കുകയുമാണ്'; ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ്, പിന്നാലെ സസ്പെൻഷൻ
തുടർന്ന് സംഭവം വിവാദമാവുകയും കൊല്ലപ്പെട്ടയാളുടെ സഹോദരൻ മജിസ്ട്രേറ്റിന് പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടിയ മൂന്ന് ജയിൽ വാർഡൻമാരെ സസ്പെൻഡ് ചെയ്തു.
ദില്ലി: ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഫേസ്ബുക്ക് ലൈവിൽ വന്ന സംഭവത്തിൽ മൂന്ന് ജയിൽ വാർഡൻമാർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ബറേലി ജയിലിലാണ് കൊലക്കേസ് പ്രതി ഫോൺ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ലൈവ് വന്നത്. തുടർന്ന് സംഭവം വിവാദമാവുകയും കൊല്ലപ്പെട്ടയാളുടെ സഹോദരൻ മജിസ്ട്രേറ്റിന് പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടിയ മൂന്ന് ജയിൽ വാർഡൻമാരെ സസ്പെൻഡ് ചെയ്തു.
ആസിഫ് എന്ന പ്രതിയാണ് ജയിലിൽ നിന്ന് ലൈവിൽ വന്നത്. താൻ സ്വർഗത്തിലാണെന്നും ഇവിടെ ആസ്വദിക്കുകയുമാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ കൊല്ലപ്പെട്ടയാളുടെ സഹോദരൻ ജില്ലാ മജിസ്ട്രേറ്റ് ഉമേഷ് പ്രതാപ് സിങ്ങിന് പരാതിയുമായി രംഗത്തെത്തി. വീഡിയോ കണ്ട അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രവി ശങ്കർ ദ്വിവേദി, ഹാൻസ് ജീവ് ശർമ്മ, ഗോപാൽ പാണ്ഡെ എന്നിവരെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ കോൺട്രാക്ടറായ രാകേഷ് യാദവിനെ കൊലപ്പെടുത്തിയ കേസിലാണ് ആസിഫും മറ്റൊരു പ്രതിയും ജയിലിൽ കഴിയുന്നത്. 2019 ഡിസംബർ രണ്ടിനായിരുന്നു സദർ ബസർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം നടന്നത്. ഈ കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രതി ലൈവ് വന്നത്.
https://www.youtube.com/watch?v=Ko18SgceYX8