മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ, ജാമ്യം കിട്ടി 300 ദിവസം കഴിഞ്ഞും മോചനം സാധ്യമായില്ല, ഒടുവിൽ ആശ്വാസം
മകളെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി 2012 മുതൽ ജയിലിൽ കഴിഞ്ഞ യുവതിക്ക് ജാമ്യം അനുവദിച്ചിരുന്നു
ചെന്നൈ: തമിഴ്നാട്ടിൽ ഹൈക്കോടതി ജാമ്യം നൽകി 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതിക്ക് ഒടുവിൽ മോചനത്തിനുള്ള വഴികൾ തെളിയുന്നു. യുവതിയെ വീട്ടുകാർ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ 2013 ഒക്ടോബറിലാണ് ശിവഗംഗ സ്വദേശിയായ യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്. വെല്ലൂരിലെ വനിതാ ജയിലിലേക്ക് മാറ്റിയ യുവതിയെ ഒരിക്കൽ പോലും സന്ദർശിക്കാൻ കുടുംബം തയ്യാറായിരുന്നില്ല.
പ്രാദേശിക മാധ്യങ്ങൾ യുവതിയുടെ അവസ്ഥ വാർത്ത നൽകിയതിന് പിന്നാലെ തമിഴ്നാട് പ്രിസൺ മേധാവിയുടെ ഇടപെടലിൽ യുവതിക്ക് മോചനത്തിനുള്ള സാധ്യത തുറക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. യുവതിക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ നിബന്ധനകൾ പൂർത്തിയാകാനുള്ള സഹായങ്ങൾ നൽകാൻ ക്ഷേമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് ജയിൽ ഡിജിപി മഹേശ്വർ ദയാൽ. ഇത്തരത്തിൽ ജയിലിൽ കിടക്കുന്ന മറ്റ് തടവുകാരുടെ വിവരം ശേഖരിക്കാൻ ജയിൽ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച ജയിൽ ഉദ്യോഗസ്ഥൻ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ജാമ്യ വ്യവസ്ഥകളേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവതിയുമായും ജയിൽ അധികാരികൾ സംസാരിച്ചിട്ടുണ്ട്.
2019ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം, വനിതാ തടവുകാരുടെ ജയിൽ സാഹചര്യങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട അഭിഭാഷകയായ കെ.ആർ.റോജയാണ്, യുവതിയെ കാണുകയും ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകുകയും ചെയ്തത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി കഴിഞ്ഞ ഡിസംബർ 20ന് ശിക്ഷ മരവിപ്പിച്ച് യുവതിക്ക് ജാമ്യം അനുവദിച്ചിരുന്നു. 25,000 രൂപ കെട്ടിവയ്ക്കണമെന്നും രക്തബന്ധം ഉള്ള ആരെങ്കിലും ജാമ്യം നിൽക്കണമെന്നും ആയിരുന്നു വ്യവസ്ഥകൾ. ഇതിനായി യുവതിയുടെ 5 സഹോദരങ്ങളെ റോജ സമീപിച്ചെങ്കിലും സഹായിക്കാൻ ആരും തയ്യാറായില്ല.
അമ്മ ജാമ്യം നിൽക്കാൻ തയ്യാറായെങ്കിലും അച്ഛൻ വിലക്കിയതും തിരിച്ചടിയായി. ഇതോടെയാണ് ജയിൽമോചനം മുടങ്ങിയത്. 2012 സെപ്തംബർ 1നായിരുന്നു യുവതി അറസ്റ്റിലായത്. അന്ന് മുതൽ ജയിലിലാണ് യുവതി കഴിയുന്നത്. ജാമ്യം കിട്ടിയ ശേഷവും കുടുംബം കൈവിട്ടതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത 24,879 തടവുകാർ രാജ്യത്തുണ്ടെന്നാണ് സുപ്രീം കോടതി സെറൻർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗ് ഡിസംബറിൽ പുറത്തുവിട്ട കണക്ക്. കുടുംബം ഉപേക്ഷിച്ച ഇത്തരം തടവുകാരെ സഹായിക്കാൻ ബദൽ മാർഗങ്ങൾ ഉണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം