24 മണിക്കൂറിനുള്ളിൽ മറുപടി നല്‍കണം; പ്രജ്വൽ രേവണ്ണയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൻെറ കാരണം കാണിക്കൽ നോട്ടീസ്
ചട്ടം ലംഘിച്ച്, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.
ദില്ലി:ലൈംഗികാതിക്രമക്കേസിൽ പ്രതിയായി വിദേശത്തേക്ക് കടന്ന ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച്, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.
ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നെങ്കിൽ അക്കാര്യം രണ്ടാഴ്ച മുന്നേ എങ്കിലും വിദേശകാര്യമന്ത്രാലയത്തെ അറിയിക്കണം എന്നാണ് ചട്ടം. 24 മണിക്കൂറിനകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം. മറുപടി നൽകിയില്ലെങ്കിൽ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രാലയം നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. നേരത്തേ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെന്ന് കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു. അതേസമയം, പ്രജ്വൽ ഒളിവിൽ പോയിട്ട് ഇന്നേക്ക് 28 ദിവസം പിന്നിടുകയാണ്.